കോളേജില്‍ എസ്എഫ്ഐ ആള്‍മാറാട്ടം: ജയിച്ച ആള്‍ക്ക് പകരം സംഘടനാ നേതാവിനെ തിരുകിക്കയറ്റി; സർവകലാശാല ഭരണം പിടിക്കാന്‍ അട്ടിമറി നീക്കം

Jaihind Webdesk
Wednesday, May 17, 2023

 

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ആള്‍മാറാട്ടം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം സംഘടനാനേതാവായ ആണ്‍കുട്ടിയുടെ പേരു ചേര്‍ത്താണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ആള്‍മാറാട്ടം നടത്തിയിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുകയും വിഷയം വിവാദമാവുകയും ചെയ്തതോടെ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

ഡിസംബര്‍ 12 ന് കോളേജില്‍ നടന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ (യുയുസി) എസ്എഫ്ഐ പാനലില്‍ നിന്നും ആരോമല്‍, അനഖ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളേജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍ അനഘയ്ക്ക് പകരം സംഘടനാ നേതാവിന്‍റെ പേരു തിരുകിക്കയറ്റുകയായിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അനഖ. എന്നാല്‍ ഇവര്‍ക്ക് പകരം തിരുകിക്കയറ്റിയത് എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായ എ വിശാഖിന്‍റെ പേരാണ്. ഇയാള്‍ കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാനാക്കുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മിലെയും എസ്എഫ്ഐയിലേയും ചില നേതാക്കളുടെ ഒത്താശയോടെയായിരുന്നു ആള്‍മാറാട്ട കള്ളക്കളി.

26 നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുക. പാര്‍ട്ടി പാത പിന്തുടര്‍ന്ന് എസ്എഫ് ഐയും അനധികൃത തിരുകിക്കയറ്റലുകള്‍ നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. അതേസമയം സംഭവം വിവാദമായതോടെ പേര് തിരുത്തിക്കൊണ്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈജു സർവകലാശാല രജിസ്ട്രാർക്ക് കത്തയച്ചു.