‘ബിനോയ്‌ വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്എഫ്ഐ വളർന്നിട്ടില്ല’; എഐഎസ്എഫ്

Jaihind Webdesk
Friday, July 5, 2024

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വത്തിന്‍റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് എഐഎസ്എഫ്. ബിനോയ്‌ വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ മാത്രം എസ്എഫ്ഐ വളർന്നിട്ടില്ലെന്നും എഐഎസ്എഫ് വ്യക്തമാക്കി. വിമർശനങ്ങളെ സഹിഷ്ണുതയോടെ കണ്ട്, തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കണം. അതിന് പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് നേതാക്കൾ പ്രസ്താവനയിൽ വിമര്‍ശിച്ചു.

എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെചൊല്ലി സിപിഎം- സിപിഐ വാക് പോര് നടക്കുന്നതിനിടെയാണ് എഐഎസ്എഫും രംഗത്ത് വരുന്നത്. ഇങ്ങനെ പോയാൽ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന തന്‍റെ വിമര്‍ശനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ സംഘടന പരിഹരിക്കുമെന്നും ബിനോയ് വിശ്വത്തിന് പദാനുപദ മറുപടിക്കില്ലെന്നും എം. വി. ഗോവിന്ദൻ തിരിച്ചടിച്ചു. എന്നാൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് പ്രതികരണത്തിൽ വ്യക്തമാക്കി ബിനോയ് വിശ്വം രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന പാര്‍ട്ടി യോഗങ്ങളിൽ അടക്കം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിമര്‍ശന വിധേയമാകുന്നതിനിടെയാണ് സിപിഎം-സിപിഐ തർക്കവും ഉടലെടുക്കുന്നത്.