ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ അതിക്രമം; പ്രിന്‍സിപ്പലിനെ മുറിയില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി, സംഭവം ഹാജരിന്‍റെ പേരില്‍

 

പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ അതിക്രമം. വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ഹാജരില്‍ വിവേചനം എന്നാരോപിച്ചായിരുന്നു അതിക്രമം. പ്രിന്‍സിപ്പലിനെ മുറിയില്‍ അഞ്ച് മണിക്കൂറോളം തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

അതേസമയം ഹാജരില്‍ വിവേചനമില്ലെന്നും സുതാര്യമായ നടപടികള്‍ ആര്‍ക്കും പരിശോധിക്കാമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സ്‌പോര്‍ട്‌സ് എന്‍എസ്എസ് എന്നിങ്ങനെയുള്ള അക്കാദമിക് കാര്യങ്ങള്‍ക്ക് പ്രത്യേകം ഹാജര്‍ നല്‍കാറുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ക്ലാസ് കഴിഞ്ഞതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ ഒരു സ്ലിപ് നല്‍കുമെന്നും ആ സ്ലിപ് അറ്റന്‍ഡെന്‍സ് ബോക്‌സില്‍ ഇടുകയും തുടര്‍ന്ന് അത് കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയുമാണ് പതിവ്. എന്നാല്‍ ജില്ലാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ എസ്എഫ്ഐ പ്രവർത്തകന് അവകാശപ്പെട്ട ഹാജര്‍ നല്‍കിയില്ലെന്ന പരാതി ഉന്നയിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ എത്തിയത്.

ഓരോ മാസം കഴിയുമ്പോഴും ഹാജര്‍ പ്രസിദ്ധീകരിക്കുമെന്നും ആ സമയത്ത് ഹാജരിന്‍റെ പ്രശ്‌നം ഉന്നയിച്ച് ഈ വിദ്യാര്‍ത്ഥി വന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സെമസ്റ്റര്‍ അറ്റന്‍ഡെന്‍സ് പ്രസിദ്ധീകരിച്ചപ്പോഴാണ് ഹാജര്‍ നല്‍കിയില്ലെന്ന പരാതി ഉന്നയിച്ച് എസ്എഫ്ഐയിലെ വിദ്യാര്‍ത്ഥി എത്തിയത്. തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. പിന്നീട് നേരിട്ട് സ്‌പോര്‍ട്ടസ് കൗണ്‍സിലറോട് വിവരം തിരക്കുകയും ജില്ലാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് മനസിലാവുകയും ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. കോളേജിനു വേണ്ടിയല്ല മത്സരിച്ചതെന്ന് അറിഞ്ഞിട്ടും എസ്എഫ്ഐയിലെ വിദ്യാര്‍ത്ഥിക്ക് ഹാജര്‍ നല്‍കി. കഴിഞ്ഞ ജനുവരിയില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി ഈ ദിവസങ്ങളിലെ ഹാജര്‍ നല്‍കണമെന്ന അപേക്ഷ കഴിഞ്ഞ ദിവസം മാത്രമാണു നല്‍കിയതെന്നും പിന്നാലെ ഇതു സംബന്ധിച്ച് അനുകൂല തീരുമാനം എടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.

ചിലര്‍ക്ക് അധികമായി ഹാജര്‍ നല്‍കിയപ്പോള്‍ മറ്റു ചിലരെ ബോധപൂര്‍വം അവഗണിച്ചെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്. തര്‍ക്കത്തിനിടെ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 

Comments (0)
Add Comment