കൊവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പറത്തി എസ്എഫ്ഐ ; മെഡിക്കൽ കോളേജിൽ ഡിജെ നൈറ്റ്

തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിജെ നൈറ്റ് സംഘടിപ്പിച്ച് എസ്എഫ്ഐ. ദീപാവലി ദിനത്തിലാണ് നാനൂറിലധികം മെഡിക്കൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷം നടന്നത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് നടന്ന ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഡിജെ നൈറ്റ് തിരുവനന്തപുരം ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നത്. അടച്ചിട്ട ഹാളിൽ നടത്തുന്ന പരിപാടികൾക്ക് 100 പേരിൽ കൂടുതൽ അനുവദിക്കില്ലെന്ന സർക്കാർ നിർദ്ദേശവും നിലനിൽക്കെയാണ് കോളേജിലെ എസ്എഫ്ഐ യൂണിയന്‍റെ കൊവിഡ് മാനദണ്ഡ ലംഘനം. കോളേജിൽ നിന്നും ആഘോഷപരിപാടികൾക്ക് അനുമതി ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കോളേജിൽ ഇൻഡോർ ഔട്ട്ഡോർ പരിപാടികൾ നടത്തരുതെന്ന അധികൃതരുടെ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. കോവിഡ് ചട്ടങ്ങൾ എല്ലാം കാറ്റിൽപറത്തിയുള്ള ഗവൺമെന്‍റ് മെഡിക്കൽ കോളേജിൽ എസ്എഫ്ഐ യൂണിയൻ നടത്തിയ ദീപാവലി ആഘോഷത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ദീപാവലി ദിനത്തിൽ രാത്രി 7 :30 മുതൽ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തത് നാനൂറിലധികം മെഡിക്കൽ വിദ്യാർഥികൾ ആണ് . സംസ്ഥാനത്ത് രോഗവ്യാപനം കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാർഥികളടക്കം നിയമം ലംഘിക്കുന്നത്.

Comments (0)
Add Comment