‘മുട്ടുകാല് തല്ലിയൊടിക്കും’; പ്രിന്‍സിപ്പലിന് നേരെ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി; നോക്കിനിന്ന് പോലീസ്

Jaihind Webdesk
Monday, October 31, 2022

 

തൃശൂരിൽ കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐ ഭീഷണി. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലിന്‍റെ  കാല് തല്ലിയൊടിക്കുമെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കിയത്. പോലീസ് സാന്നിധ്യത്തിലായിരുന്നു നേതാവിന്‍റെ ആക്രോശം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിവാദം ശക്തമായി. മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ദിലീപിന് നേരെയാണ് എസ്എഫ് ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക് ഭീഷണി മുഴക്കിയത്. മുട്ടുകാല് തല്ലിയൊടിക്കും. പുറത്തിറങ്ങ്, കാണിച്ചു തരാം…  ഇങ്ങനെ പോയി നേതാവിന്‍റെ ആക്രോശം. പോലീസ് സാന്നിധ്യത്തിലായിരുന്നു ഭീഷണി. സഹ അധ്യാപകരും സാക്ഷി.

എംടിഐയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്എഫ്ഐ സമരത്തിലാണ്. ഒരു വിദ്യാർത്ഥിയെ പ്രിൻസിപ്പൽ മർദ്ദിച്ചു എന്നാണ് ആരോപണം. സമരം രൂക്ഷമായതോടെയാണ് പ്രിൻസിപ്പൽ പോലീസ് സഹായം തേടിയത്. എന്നാൽ പോലീസ് സാന്നിധ്യത്തിൽ പ്രിൻസിപ്പലിന് നേരെ തന്നെ എസ് എഫ് ഐക്കാർ തിരിഞ്ഞു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കോളേജ് അധികൃതർ പരാതി നൽകി. കമ്മീഷ്ണറുടെ നിർദേശ പ്രകാരം തൃശൂർ ഈസ്റ്റ് പോലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.