എസ്എഫ്ഐ ആള്‍മാറാട്ട പരമ്പര തുടരുന്നു; കെഎസ്‌യു കോടതിയെ സമീപിക്കുമെന്ന് അലോഷ്യസ് സേവ്യർ

 

മലപ്പുറം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിന് സമാനമായി എസ്എഫ്ഐയുടെ ആൾമാറാട്ട പരമ്പര തുടരുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കാലിക്കറ്റ് സർവകലാശാല സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ എസ്എഫ്ഐ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ കൗൺസിലിൽ നിന്ന്‌ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രതിനിധി കള്ള വോട്ട് ചെയ്തെന്നാരോപിച്ച് കെഎസ്‌യു രംഗത്തെത്തുകയും തുടർന്ന് ഉച്ചയ്ക്ക് സർവകലാശാല സെനറ്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷവുമുണ്ടായി. യുയുസിയെന്ന വ്യാജേന പ്ലസ്ടു വിദ്യാർത്ഥിനി സെനറ്റ് തെരഞ്ഞെടുപ്പിൽ കള്ള വോട്ട് രേഖപ്പെടുത്തിയെന്ന് തെളിവ് സഹിതം കെഎസ്‌യു ആരോപിച്ചു. എന്നാൽ എസ്എഫ്ഐ ആരോപണത്തെ നേരിട്ടത് കായികമായിട്ടായിരുന്നു.

സംഘർഷത്തെ തുടർന്ന് പരിക്കേറ്റ കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്‍റ് ഇ.കെ അൻഷിദ്, അരീക്കോട് റീജണൽ കോളേജ് കെഎസ്‌യു പ്രസിഡന്‍റ് എം.ടി ഫയാസ് എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ട് നടത്തി ഒരു സീറ്റ് നേടുന്നതിലൂടെ എന്ത് സന്ദേശമാണ് എസ്എഫ്ഐ സമൂഹത്തിന് നൽകുന്നതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ചോദിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയെ ഉപയോഗിച്ച് കള്ളവോട്ട് ചെയ്തിരിക്കുകയാണ് എസ്എഫ്ഐ എന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ആൾമാറാട്ട വിഷയം ചൂണ്ടിക്കാട്ടി കെഎസ്‌യു പരാതി നൽകുമെന്നും അലോഷ്യസ് വ്യക്തമാക്കി. നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.

Comments (0)
Add Comment