ആലപ്പുഴ: എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരൂവെന്നും ബിനോയ് വിശ്വം ആലപ്പുഴയിൽ പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പാളിനെ ആക്രമിച്ച് ഭീഷണിപ്പെടുത്തുകയും തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി ആക്രമണത്തിന്‍റെ യും പശ്ചാത്തലത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ വിമർശനം.
ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ശൈലി അല്ല എസ്എഫ്ഐയുടേത്. പ്രാകൃതമായ സംസ്കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐയിലുള്ളവർ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ചരിത്രം വായിക്കണം. അവരുടെ രാഷ്ട്രീയ ആശയത്തിന്‍റെ ആഴം അറിയില്ല. അവരെ അത് പഠിപ്പിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എഫ്ഐയിലുള്ള ആയിരക്കണക്കിന് സഖാക്കളോട് ആദരവുണ്ട്. അവരുടെ വഴി ഈ വഴിയല്ലെന്ന് എസ്എഫ്ഐക്ക് ബോധ്യമാകണം. നേരായ വഴിക്ക് നയിച്ച് അവരെ ഇടതുപക്ഷത്തിന്‍റെ ശക്തിയായി മാറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു.