ALOSHIUS XAVIER| എസ്എഫ്‌ഐ നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങള്‍; കേരള സര്‍വ്വകലാശാലയില്‍ അരങ്ങേറിയത് സമരാഭാസം: അലോഷ്യസ് സേവ്യര്‍

Jaihind News Bureau
Thursday, July 10, 2025

എസ്.എഫ്.ഐ സമരങ്ങളെ വിമര്‍ശിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ആരോഗ്യമേഖലയിലെ വെല്ലുവിളികളും ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളും ഉന്നയിക്കാന്‍ മടിക്കുന്ന എസ്.എഫ്.ഐ ഇപ്പോള്‍ നടത്തുന്നത് സെറ്റിട്ടുള്ള സമര നാടകങ്ങളാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്കില്‍ കുറിച്ചു. കേരള സര്‍വ്വകലാശാലയില്‍ അരങ്ങേറിയ സമരാഭാസം എന്തിന് വേണ്ടിയാണെന്നും എന്തില്‍ നിന്ന് ഓടിയൊളിക്കാനാണെന്നും വ്യക്തമാണ്. എസ്എഫ്‌ഐയുടെ സംഘപരിവാര്‍ വിരുദ്ധ നിലപാട് കാപട്യം നിറഞ്ഞതാണ്.

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി സംഘപരിവാറുകാരനായ ഡോ.മോഹന്‍ കുന്നുമ്മേലിനെ വിമര്‍ശിച്ചപ്പോള്‍ മൗനം പാലിച്ച എസ്.എഫ്.ഐ, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമായാണ് വിചാരധാര സിലബസില്‍ ഉള്‍പ്പെടുത്തിയതെന്നും, എസ്.എഫ്.ഐ വിഷയത്തില്‍ പ്രതികരിക്കാതെ മൗനം പാലിച്ചുവെന്നും അലോഷ്യസ് സേവ്യര്‍ വിമര്‍ശിക്കുന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ ദിവസങ്ങളിലായി ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടന എന്തോ ഒരു പോര്‍മുഖം തുറന്നു എന്ന തരത്തിലാണ് അവരുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അവകാശ വാദം. കേരള വിദ്യാര്‍ത്ഥി യൂണിയന്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയെയും, നേതാക്കളെയും വിമര്‍ശിക്കാനും ഇക്കൂട്ടര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്നലെ കേരളാ സര്‍വ്വകലാശാല ആസ്ഥാനത്തുള്‍പ്പടെ ഈ മഹാന്മാര്‍ നടത്തിയ സമരാഭാസം എന്തിന് വേണ്ടിയെന്നും, എന്തില്‍ നിന്ന് ഓടിയൊളിക്കാനായിരുന്നു എന്നും പരിശോധിക്കാം…

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളം ചര്‍ച്ച ചെയ്ത വിഷയം ആരോഗ്യമേഖലയിലെ വലിയ വീഴ്ച്ചകളും, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ സമ്പൂര്‍ണ്ണ അധപതനവും അതിലേക്ക് നയിച്ച മന്ത്രി വീണാ ജോര്‍ജ്ജിനെയും കുറിച്ചാണ്. പൊതു സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോള്‍ ദാ വരുന്നു ഗവര്‍ണര്‍, മറുവശത്ത് സര്‍ക്കാരും, സിപിഎമ്മും, എസ്.എഫ്.ഐയും… പിന്നെ വെല്ലുവിളിയായി, സെറ്റിട്ടുള്ള സമരങ്ങളായി..

സര്‍വ്വകലാശാലയില്‍ സമരം CPM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത് SFI സംസ്ഥാന പ്രസിഡന്റും, സെക്രട്ടറിയും, കേന്ദ്ര കഥാപാത്രങ്ങളായി കേരളാ പോലീസ് നിര്‍മ്മിച്ച നാടകം പൊതുജനത്തിന് വസ്തുത മനസ്സിലായതു മൂലം തകര്‍ന്നടിഞ്ഞു. SFI യുടെ ”സമരനാടക”ത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ കേരളാ പോലീസിനെ കുറിച്ച് പറയാതിരിക്കാനുമാകില്ല.
യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് തുറന്നു കൊടുത്തതും, കൈ പിടിച്ച് അകത്ത് കയറ്റിയതും,അകത്ത് ഗ്രില്‍ തുറന്ന് കൊടുത്തതും, ഗ്രില്ലില്‍ തട്ടി പ്രവര്‍ത്തകരുടെ കൈ മുറിയാതിരിക്കാന്‍ സംരക്ഷണ കവചം ഒരുക്കി പൂര്‍ണ്ണ പിന്തുണ നല്‍കിയ പോലീസ് ഏമാന്മാരോട് എസ്.എഫ്.ഐ നേതൃത്വത്തിന് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടാകും.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളാ സാങ്കേതിക സര്‍വ്വകലാശാല, വിദ്യാര്‍ത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയര്‍ ബാക്ക് സിസ്റ്റം പിന്‍വലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്‌സിറ്റികളുടെയും വിസി നിയമനങ്ങള്‍ നിയമവിധേയമായി പൂര്‍ത്തിയാക്കുക, പ്രിന്‍സിപ്പാള്‍ നിയമനങ്ങള്‍ മുടങ്ങിക്കിടക്കുന്ന എല്ലാ സര്‍ക്കാര്‍ കലാലയങ്ങളിലും ഉടന്‍ നിയമനം പൂര്‍ത്തിയാക്കുക, അധ്യാപക ഒഴിവുകള്‍ നികത്തുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് KSU സംസ്ഥാന കമ്മിറ്റി നടത്തിയ സമരത്തെ ഏത് രീതിയിലാണ് നേരിട്ടതെന്ന് കേരളത്തിലെ പൊതുസമൂഹം കണ്ടറിഞ്ഞതാണ്. കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ തലയടിച്ചു പൊട്ടിച്ചതും സംസ്ഥാന ജന:സെക്രട്ടറി പ്രിയങ്കാ ഫിലിപ്പ് ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ അതിക്രമം അഴിച്ചുവിട്ടതും ഇതേ കേരള പോലീസ് തന്നെയാണ്.

എസ്എഫ്‌ഐയുടെ സംഘപരിവാര്‍ വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് ഗൗരവകരമായി പരിശോധിക്കേണ്ടതുണ്ട്. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായി സംഘപരിവാരുകാരനായ ഡോ.മോഹനന്‍ കുന്നുമേലിനെ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിക്കുമ്പോള്‍ എസ്എഫ്‌ഐ നേതാക്കള്‍ എന്തുകൊണ്ട് മൗനി ബാബമാരായി മാറി.?

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയ ശേഷമാണ് ‘വിചാരധാര’ അടക്കമുള്ള ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ പുസ്?തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത്. ആ ഘട്ടത്തില്‍ വിഷയത്തോട് പ്രതികരിക്കാതെ ഓടി ഒളിക്കുന്ന എസ്എഫ്‌ഐയെയാണ് കാണാന്‍ സാധിച്ചത്. !

ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാന്‍ എസ്എഫ്‌ഐ എന്തുകൊണ്ട് മടിക്കുന്നു ക്കുന്നു? കേരളത്തില്‍ 14 സര്‍വകലാശാലകളില്‍ 13 സര്‍വകലാശാലകളിലും വൈസ് ചാന്‍സറുമാരില്ലഎസ്എഫ്‌ഐക്ക് മിണ്ടാട്ടവുമില്ല

കേരളത്തിലെ 66 ഗവണ്‍മെന്റ് കോളേജുകളില്‍ 65 ലും പ്രിന്‍സിപ്പാള്‍ മാരില്ല എസ്എഫ്‌ഐക്ക് മിണ്ടാട്ടവുമില്ല

കേരള സര്‍വകലാശാലയില്‍ അടുത്തകാലത്തെങ്ങും അവസാനിക്കാത്ത തരത്തില്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ ആക്കിയതില്‍ എസ്എഫ്‌ഐക്ക് മിണ്ടാട്ടമില്ല

ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുശേഷം 42% വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി കേരളം വിടുന്ന വിഷയത്തിലും എസ്എഫ്‌ഐക്ക് മിണ്ടാട്ടമില്ല

വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാനുള്ള ഏത് നീക്കവും ശക്തമായ രീതിയില്‍ എതിര്‍ക്കപ്പെടും. കാവിക്കൊടി ഏന്തിയ സ്ത്രീയുടെ രൂപം വെച്ച് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ പരിപാടികള്‍ സംഘടിപ്പിച്ചതിനെതിരെ പരിപാടിസ്ഥലത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സംഘടനയുടെ പേര് കെ.എസ്.യു എന്നാണ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അതിക്രൂരമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. തൊട്ടു പിന്നാലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ വ്യക്തമാക്കിയ നിലപാട് ഒരിക്കല്‍ക്കൂടി പറഞ്ഞു വെക്കുന്നു. രാജ്ഭവനെ ആര്‍.എസ്.എസ് ആസ്ഥാനവും സര്‍വകലാശാലകളെ ശാഖകളും ആക്കാനുള്ള ആര്‍ലേക്കാറുടെ നീക്കങ്ങളെ എതിര്‍ക്കുക തന്നെ ചെയ്യും

സെറ്റിട്ടുള്ള സമര നാടകങ്ങള്‍ തുടര്‍ന്നോളൂ.. നിങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എന്തായാലും കെ.എസ്.യുവിന് ആവശ്യമില്ല..

ചുവടെ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ളത്:

1) കാവിക്കൊടി ഏന്തിയ സ്ത്രീയുടെ രൂപവും വെച്ച് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ ഹാളിലേക്ക് കടന്നുചെന്ന് പ്രതിഷേധിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമിക്കുന്ന കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംഘവും.

2) കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചയ്‌ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ഗുണ്ടകള്‍ ആക്രമിച്ച് തലയ്ക്കു പരിക്കേറ്റ കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്.

~ അലോഷ്യസ് സേവ്യര്‍
കെഎസ്യു സംസ്ഥാന പ്രസിഡന്റ്