എസ്എഫ്ഐ കരിങ്കൊടി; അമിത് ഷായും ഉപരാഷ്ട്രപതിയും ഗവർണറെ ഫോണില്‍ വിളിച്ചു

Jaihind Webdesk
Saturday, January 27, 2024

 

ന്യൂഡല്‍ഹി/കൊല്ലം: നിലമേലിലെ എസ്എഫ്ഐ പ്രതിഷേധത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ ഗവർണറോട് നേരിട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഗവർണറെ ഫോണില്‍ വിളിച്ചു.

ഗവര്‍ണറും എസ്എഫ്ഐയും വീണ്ടും തെരുവില്‍ ഏറ്റുമുട്ടിയതോടെ നാടകീയമായ സംഭവവികാസങ്ങളാണ് കൊല്ലം നിലമേലില്‍ അരങ്ങേറിയത്. കരിങ്കൊടി കാണിച്ച എസ്എഫ്ഐക്കാരെ നേരിടാന്‍ ഗവർണർ വാഹനത്തില്‍ നിന്ന് ഇറങ്ങി. കൊട്ടാരക്കരയിലെ പരിപാടിക്ക് പോകുമ്പോഴാണ് ഗവര്‍ണര്‍ക്കുനേരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. ഇതോടെ ക്ഷുഭിതനായ ഗവർണർ കാറില്‍ നിന്ന് റോഡിലേക്കിറങ്ങി പ്രവർത്തകർക്കടുത്തേക്ക് എത്തി. അനുനയിപ്പിക്കാന്‍ ശ്രമിച്ച പോലീസിനെ ശകാരിച്ച ഗവർണർ റോഡരികിലിരുന്ന് പ്രതിഷേധിച്ചു.

പോലീസാണ് കുറ്റവാളികളെന്നും നിയമലംഘകരെ സംരക്ഷിക്കുകയാണ് പോലീസെന്നും ഗവർണർ കുറ്റപ്പെടുത്തി. ഫോണില്‍ ഡിജിപിയോടും ഗവർണർ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയെ വി‌ളിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് പ്രതിഷേധിക്കുന്നത്. കരിങ്കൊടി കാണിക്കുന്നത് താന്‍ കാര്യമാക്കുന്നില്ല. എന്നാല്‍ കാറിനടുത്തെത്തി ആക്രമിച്ചാല്‍ കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവർണർ പ്രതിഷേധം തുടർന്നതോടെ 17 എസ്എഫ്ഐക്കാർക്കെതിരെ  കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ജാമ്യാമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്ഐആറിന്‍റെ പകര്‍പ്പ് കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് ഗവര്‍ണര്‍ രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.