നിലമേലില്‍ എസ്എഫ്ഐ കരിങ്കൊടി; കാറില്‍ നിന്നിറങ്ങി ഗവർണർ, പോലീസിന് ശകാരം; കേന്ദ്രത്തിന് പരാതി

Jaihind Webdesk
Saturday, January 27, 2024

 

കൊല്ലം: നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഇതോടെ രോഷാകുലനായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ കാറില്‍ നിന്ന് റോഡിലിറങ്ങി. പ്രതിഷേധക്കാർക്കുനേരെ നടന്നടുത്ത ഗവർണർ പോലീസുകാരെ ശകാരിച്ചു. റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച ഗവർണർ ഇതുവരെ എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയിട്ടില്ല. പ്രതിഷേധക്കാർക്കെതിരെ കേസെടുത്തതിന്‍റെ എഫ്ഐആർ കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവർണർ.

50-ൽ അധികം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. കാറില്‍ നിന്ന് രോഷാകുലനായി ഇറങ്ങിയ ഗവർണർ പോലീസിന് നേരെ കയർത്തു. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പോലീസിന് നേരെ തിരിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഗവർണർ വിവരം അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയെങ്കിലും ഗവർണർ പ്രതിഷേധം തുടരുകയാണ്.