‘എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറി’: നാളെ സംസ്ഥാന വ്യാപകമായി ക്യാമ്പസ് തല പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അലോഷ്യസ് സേവ്യർ

Jaihind Webdesk
Wednesday, December 11, 2024

 

കണ്ണൂർ: ഗവൺമെന്‍റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ നടപടി ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. നാളെ സംസ്ഥാന വ്യാപകമായി ക്യാമ്പസ് തല പ്രതിഷേധം സംഘടിപ്പിക്കും. എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രവും പ്രവർത്തകർ അക്രമരാഷ്ട്രീയത്തിന്‍റെ വക്താക്കളുമായി അധഃപതിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

വർഷങ്ങൾക്കുശേഷമാണ് കണ്ണൂർ തോട്ടട ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. തുടർന്ന് പ്രിൻസിപ്പലിനെ കാണാനും നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനും കൊടിമരം പുന: സ്ഥാപിക്കാനുമായി ക്യാമ്പസിൽ എത്തിയ കെഎസ്‌യു സംസ്ഥാന ജില്ലാ യൂണിറ്റ് നേതാക്കളെ ഉൾപ്പെടെ അതിക്രൂരമായി മർദ്ദിക്കുന്ന സാഹചര്യമുണ്ടായത്.

കെഎസ്‌യു തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ യൂണിയൻ നഷ്ടമാകുമോ എന്ന ഭയമാണ് എസ്എഫ്ഐയെ ഈ ഗുണ്ടാ പ്രവർത്തനത്തിലേക്ക് നയിച്ചത്. ബോധരഹിതരാകുന്നത് വരെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന സാഹചര്യമുണ്ടായി.

എസ്എഫ്ഐ ഉയർത്തുന്ന ഏക സംഘടനാ വാദം ജനാധിപത്യത്തിന് ഭൂഷണമല്ല. കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച ശേഷം സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം ഉയർത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ സമീപനം പരിഹാസ്യമാണ്. വിഷയത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നാളെ  ക്യാമ്പസ് തല പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി .