കണ്ണൂർ പാലയാട് ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകന് എസ്എഫ്ഐ മർദ്ദനം; പരിക്കുകളോടെ ആശുപത്രിയില്‍

Jaihind Webdesk
Wednesday, November 8, 2023

 

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. കെഎസ്‌യു പ്രവർത്തകനായ ഒന്നാം വർഷ എൽഎൽബി വിദ്യാർത്ഥി ബിതുൽ ബാലനെയാണ് ആക്രമിച്ചത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കെഎസ്‌യു നേതാക്കൾ പറഞ്ഞു. പരിക്കേറ്റ ബിതുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്രമം ഉണ്ടായത്. ഒരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയും അതു തടഞ്ഞ ബിതുലിനെ കസേര കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ധര്‍മ്മടം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.ടി. സനല്‍കുമാറിന്‍റെ നേതൃത്വത്തില്‍ പരിക്കേറ്റ ബിതുലിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിഷ്ണുദേവ്, ദ്രുവന്‍, ബ്രണ്ണന്‍ കോളേജിലെ ആദിഷ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ചികിത്സയില്‍ കഴിയുന്ന ബിതുല്‍ പറഞ്ഞു.