KSU| പെരിങ്ങമ്മലയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെ എസ്എഫ്‌ഐ ആക്രമണം; സിപിഎം നേതാക്കളുടെ സഹായത്തോടെയാണ് ആക്രമണമെന്ന് ആരോപണം

Jaihind News Bureau
Tuesday, July 1, 2025

പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ കെഎസ്‌യു പ്രവർത്തകർക്കു നേരെ എസ്എഫ്‌ഐ ആക്രമണം. നവാഗതരെ സ്വാഗതം ചെയ്യുന്നതിനുവേണ്ടി കെഎസ്‌യു സ്ഥാപിച്ച കൊടിതോരണങ്ങള്‍ ഇന്നലെ രാത്രി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു. ഇതിനെതുടര്‍ന്ന് ഇന്ന് രാവിലെ കോളേജില്‍ എത്തിയ കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ ലോക്കല്‍ നേതാക്കളെ വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇവിടെ എസ്എഫ്‌ഐ ഗുണ്ടായിസം പതിവാകുകയാണ്. കെഎസ്‌യു പ്രവര്‍ത്തനങ്ങള്‍ ഒന്നും അനുവദിക്കാതെ ആക്രമ സ്വഭാവത്തോടുകൂടിയാണ് എസ്എഫ്‌ഐ മുന്നോട്ടുപോകുന്നത്. പുറത്ത് നിന്നും സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ സഹായത്തോടെയാണ് എസ്എഫ്‌ഐ ഇത്തരം അക്രമണങ്ങള്‍ക്ക് മുതിരുന്നത് എന്ന് കെഎസ്‌യു ആരോപിക്കുന്നു.