കോഴിക്കോട് ലോ കോളേജിൽ അക്രമം; എസ്.എഫ്.ഐ പ്രവർത്തകർ കെ.എസ്.യു പ്രവർത്തകനെ മർദിച്ചു

Jaihind Webdesk
Wednesday, December 6, 2023

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ എസ്.എഫ്.ഐ അക്രമം. കെ.എസ്.യു പ്രവർത്തകനായ സഞ്ജയ് ജസ്റ്റിനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. നേരത്തേയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് മർദനം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ലോ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു.

ഇത്തവണത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വൻ നേട്ടമുണ്ടാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐ പ്രവർത്തകർ സഞ്ജയ് ജസ്റ്റിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ ബന്ധ് ആയതിനാൽ ക്യാമ്പസിൽ വിദ്യാർഥികൾ കുറവായിരുന്നു. ഈ സമയം ഇവിടേക്കെത്തിയ കെ.എസ്.യു പ്രവർത്തകനും രണ്ടാം വർഷ വിദ്യാർഥിയുമായ സഞ്ജയ് ജസ്റ്റിനെ ഒരുകൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ബഹളം കേട്ട് ഹോസ്റ്റലിൽ നിന്നും കൂടുതൽ വിദ്യാർഥികളെത്തിയതോടെയാണ് വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയത്.