കോഴിക്കോട് ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകനെ മർദിച്ച സംഭവം; ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

Jaihind Webdesk
Thursday, December 7, 2023

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ കെ.എസ്.യു പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ  സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് ചേവായൂർ പോലീസ് കേസെടുത്തത്. വധശ്രമം, സംഘംചേർന്ന് മർദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ശ്യാം കാർത്തിക്, റിത്തിക്, അബിന്‍ രാജ്, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവരാണ് പ്രതികള്‍.

ഇന്നലെയായിരുന്നു കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ എസ്.എഫ്.ഐ അക്രമം നടന്നത്. കെ.എസ്.യു പ്രവർത്തകനായ സഞ്ജയ് ജസ്റ്റിനെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. നേരത്തേയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് മർദനം. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കുമുമ്പ് ലോ കോളേജിൽ കെ.എസ്.യു- എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു. ഇത്തവണത്തെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വൻ നേട്ടമുണ്ടാക്കിയിരുന്നു. ഇതിൽ പ്രകോപിതരായാണ് എസ്.എഫ്.ഐ പ്രവർത്തകർ സഞ്ജയ് ജസ്റ്റിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.