‘മുഖ്യമന്ത്രിയുടെ മൗനം മാധ്യമപ്രവർത്തകരുടെ ജീവനുപോലും ഭീഷണി’; സിപിഎം നിലപാട് ഭീതിജനകമെന്ന് പന്തളം സുധാകരന്‍

Jaihind Webdesk
Saturday, March 4, 2023

 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുനേരെ എസ്എഫ്ഐ നടത്തിയ ഗുണ്ടായിസത്തെ തള്ളിപ്പറയാത്ത സിപിഎം നിലപാട് ഭീതിജനകമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിലപാട് ഗുണ്ടാ സംരക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനം മാധ്യമപ്രവർത്തകരുടെ ജീവനുപോലും ഭീഷണിയാവുകയാണ്. നീതിക്ക് വേണ്ടി പോരാടുന്ന  മാധ്യമപ്രവര്‍ത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പന്തളം സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുനേരെ എസ്എഫ്ഐ നടത്തിയ ഗുണ്ടായിസത്തെ തള്ളിപ്പറയാതെ പരിശോധിക്കാമെന്നുള്ള സിപിഎം സെക്രട്ടറിയുടെ നിലപാട് ഭീതിജനകവും ഗുണ്ടാസംരക്ഷണവുമാണ്.
ആഭ്യന്തരവകുപ്പിന്‍റെ ചിറകിനടിയിലുള്ള ക്രിമിനലുകളെ തൊടാൻ ആർക്കാണാവുക? മുഖ്യമന്ത്രിയുടെ മൗനം മാധ്യമപ്രവർത്തകരുടെ ജീവനുപോലും ഭീഷണിയാവുകയാണ്. ദേശീയ തലത്തിൽ അപലപിക്കുകയും സംസ്ഥാനതലത്തിൽ പ്രഹരിക്കുകയും ചെയ്യുന്ന പിണറായിസ നയം അപകടരമാണെന്ന തിരിച്ചറിവ്
നമുക്കുണ്ടാകണം. നീതിക്കുവേണ്ടിപോരാടുന്ന മാധ്യമപ്രവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.

 

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയത്. വൈകിട്ട് ഏഴേമുക്കാലോടെ മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ചു കയറുകയും ഓഫീസിനുളളിൽ മുദ്രാവാക്യം വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുമുന്നിൽ എസ്എഫ്ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളും ക്യാമറ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്.