ഏഷ്യാനെറ്റ് ന്യൂസിലെ എസ്എഫ്ഐ അതിക്രമം; അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

Jaihind Webdesk
Saturday, March 4, 2023

ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ഇത്തരം പ്രതികരണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
അതേ സമയം എസ് എഫ് ഐ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ 11 ന് സെക്രട്ടറിയറ്റ് മാർച്ച്‌ നടത്തും.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയത്. വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറുകയും ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുമുന്നിൽ എസ് എഫ് ഐ പ്രവർത്തകർ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ക്യാമാറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്.