തിരുവനന്തപുരം: സർക്കാർ-ഗവർണർ പോര് തെരുവു യുദ്ധത്തിലേക്ക് വഴിമാറുമ്പോൾ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ നേർക്കാഴ്ചയായി അത് മാറുകയാണ്. തന്നെ കായികമായി നേരിടുവാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി സംസ്ഥാനത്തെ ഭരണത്തലവൻ തെരുവിലിറങ്ങി വിളിച്ചു പറയുന്ന അസാധാരണ സംഭവ വികാസങ്ങൾക്കാണ് കഴിഞ്ഞ രാത്രി തലസ്ഥാനം സാക്ഷിയായത്.
സര്‍വകലാശാലകളിൽ ഗവർണർ സംഘപരിവാര്‍വത്കരണത്തിന് ശ്രമിക്കുന്നതായി ആരോപിച്ചാണ് കഴിഞ്ഞ മൂന്നു ദിവസമായി എസ്എഫ്ഐ ഗവർണർക്കെതിരെ തെരുവ് യുദ്ധം പ്രഖ്യാപിച്ചത്. രാജ്ഭവൻ മാർച്ചിന് പിന്നാലെ കരിങ്കൊടി പ്രതിഷേധങ്ങൾ എസ്എഫ്ഐ തുടരുന്നതിനിടയിലാണ് ഗവർണർ നടുറോഡിൽ ഇറങ്ങി സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചത്. പേട്ട പള്ളിമുക്കിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതോടെയാണ് സംസ്ഥാനത്ത് ഗുണ്ടാരാജ് നടക്കുന്നതായി ആക്രോശിച്ചു ഗവർണർ തെരുവിലിറങ്ങിയത്. എസ്എഫ്ഐ പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നും ‘കവാർഡ്സ്’ എന്നും വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.
തന്നെ കായികമായി നേരിടുവാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയതായി സംസ്ഥാനത്തെ ഭരണത്തലവൻ തെരുവിലിറങ്ങി വിളിച്ചു പറയുന്ന അസാധാരണ സാഹചര്യത്തിനാണ് തലസ്ഥാനം കഴിഞ്ഞ രാത്രി സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന ഡിവൈഎഫ്ഐക്ക് കൂട്ടുനിൽക്കുന്ന പോലീസ്, എസ്എഫ്ഐ അതിക്രമത്തിന് മൂകസാക്ഷിയാവുകയാണ്. ഇരട്ട നീതിയും ഇരട്ടത്താപ്പും നടത്തുന്ന പോലീസിനെ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്‍റെ ക്രമസമാധാന തകർച്ചയെ ഗവർണർ തെരുവിലിറങ്ങി വിചാരണ ചെയ്തത്.
ഗവർണറെ നേരിടുവാൻ സർക്കാർ എസ്എഫ്ഐയെ ചുമതലപ്പെടുത്തിയെന്ന ആരോപണങ്ങൾക്കിടയിലാണ് ഗവർണറും തിരിച്ചടിച്ചത്. സർക്കാർ-ഗവർണർ പോര് തെരുവിലേക്ക് നീങ്ങിയതോടെ കേരള രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ചകൾക്ക് ഇത് വഴി തുറന്നിരിക്കുകയാണ്.