കൊച്ചിയിലെ വനിതാ ഹോട്ടൽ അടിച്ചുതകർത്ത കേസിൽ എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

Jaihind News Bureau
Tuesday, September 10, 2019

കൊച്ചിയിൽ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചുതകർത്ത കേസിൽ എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളായ 7 എസ് എഫ്‌ഐ പ്രവർത്തകരെയാണ് നോർത്ത് പോലീസ് പിടികൂടിയത്. കോളജിലെ ഓണാഘോഷത്തിന് ഓർഡർ ചെയ്ത ഭക്ഷണം തികഞ്ഞില്ലെന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെ വനിതാ ഹോട്ടലിലേക്ക് ഇരച്ചെത്തി അടിച്ചുതകര്‍ത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മഹാരാജാസ് കോളേജിൽ ഓണാഘോഷത്തിന് ഓർഡർ ചെയ്ത ഭക്ഷണം തികഞ്ഞില്ലെന്ന പേരിൽ എസ്ആർഎം റോഡിൽ പ്രവർത്തിക്കുന്ന ‘കൊതിയൻസ് വനിതാ ഹോട്ടൽ എസ്എഫ്‌ഐ പ്രവർത്തകർ അടിച്ചുതകര്‍ത്തത്. മഹാരാജാസിലെ എസ് എഫ് ഐ ക്കാരാണെന്നന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും ഇവരിൽ ചിലർ മദ്യപിച്ചിരുന്നതായും ഹോട്ടൽ ജീവനക്കാർ പരാതിപ്പെട്ടിരുന്നു.

കടയിൽ നിന്ന് ഇരുപതിനായിരം രൂപയും അക്രമികള്‍ കവര്‍ന്നതായും ഭക്ഷണം കൊടുത്തു വിട്ട പാത്രങ്ങളുൾപ്പെടെ തിരിച്ചു നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെയാണ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളായ നിഖിൽ, നന്ദു, ശ്രീജേഷ്, നിതിൽ,അർജുൻ, ജെൻസൺ, മനു എന്നീ എസ് എഫ് ഐ പ്രവർത്തകരെ പോലീസ് പിടികൂടിയത്.
കോളേജിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനായി 450 പേർക്കുള്ള സദ്യയാണ് ഓർഡർ ചെയ്തിരുന്നതെങ്കിലും 500 പേർക്ക് കഴിക്കാനുള്ള വിഭവങ്ങൾ ഹോട്ടലിൽ എത്തിച്ചിരുന്നതായി ഹോട്ടൽ ഉടമ ശ്രീകല വ്യക്തമാക്കി. 45000 രൂപയോളം ചിലവു വന്ന സദ്യയുടെ തുക മുഴുവൻ നൽകിയില്ലെന്നും ഇവർ പറഞ്ഞു.

സംഭവ ദിവസം തന്നെ പരാതി നൽകിയിരുന്നെങ്കിലും മൊഴിയെടുക്കുന്നതിനിടെ പാർട്ടി നേതാക്കളും വ്യാപാരി സംഘടന ഭാരവാഹികളും ഇടപ്പെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും ഹോട്ടലിനുണ്ടായ നഷ്ടം നികത്താമെന്നും പറഞ്ഞതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു.എന്നാൽ രാത്രിയോടെ പാത്രങ്ങൾ തിരികെ വാങ്ങാൻ കോളേജിലെത്തിയ വ്യാപാരി സംഘടനാ ഭാരവാഹികളെയുൾപ്പെടെ എസ് എഫ് ഐ പ്രവർത്തകർ അക്രമിക്കാൻ ശ്രമിക്കും ഇവരുടെ വാഹനങ്ങൾക്ക് കേട് പാട് വരുത്തുകയും ചെയ്തു.തുടർന്ന് അടുത്ത ദിവസം ഉച്ചവരെ കാത്തിരുന്നിട്ടും ഹോട്ടൽ നിന്നും തട്ടിയെടുത്ത പണം തിരിച്ചുനൽകാത്തതിനെ തുടർന്ന് ഹോട്ടലുമ ശ്രീകല വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു.