നിഖിലിനെ കൈവിട്ട് എസ്എഫ്ഐ; പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി; കേസെടുത്തതോടെ മുങ്ങി

Jaihind Webdesk
Tuesday, June 20, 2023

തിരുവനന്തപുരം : വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് എംകോമിന് പ്രവേശനം നേടിയ എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.  എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയിലാണ് പുറത്താക്കിയ വിവരം അറിയിച്ചത്.

സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന നയമാണ് നിഖില്‍ സ്വീകരിച്ചതെന്നും  കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസിലാക്കാനെന്നും എസ്എഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം നിഖില്‍ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയ നിഖില്‍ തോമസ് ഒളിവിലാണെന്നാണ് വിവരം.