എസ്.എഫ്. ഐയെ അടിയന്തരമായി പിരിച്ചുവിടണം; പിണറായി ഭക്തിയില്‍ കാഴ്ചക്കാരായ പോലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു; കെ.സുധാകരന്‍ എംപി

തിരുവനന്തപുരം: കയ്യൂക്കിന്‍റെ  ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമരാഭാസം നടത്തുന്ന എസ്.എഫ്. ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണു വേണ്ടതെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി.   പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്‌ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം സോഷ്യലിസം മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. ‘ മുമ്പേ ഗമിക്കുന്ന ഗോവ് തന്‍റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം” എന്നു പറഞ്ഞതുപോലെ അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്. കെ.എസ്.യുപോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംപോലും പോലും നിഷേധിക്കുകയാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്.എഫ്. ഐയില്‍നിന്നും നേരിടേണ്ടി വന്നത്.

മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്. ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയായി എസ്.എഫ്. ഐ മാറി. അധ്യാപകരെ ആക്രമിച്ച എസ്.എഫ്. ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്. അധ്യാപകര്‍ക്കെതിരേ എസ്.എഫ്. ഐക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിരുകടന്ന പിണറായി ഭക്തിയില്‍ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പോലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. പൂര്‍വ്വകാല സഖാക്കളുടെ മനോനിലയില്‍ നിന്നും ഇപ്പോഴും മോചനം നേടാത്ത പോലീസ് ഏമാന്‍മാര്‍ കുട്ടി സഖാക്കള്‍ക്കും സിപിഎം ക്രിമിനലുകള്‍ക്കും കുടപിടിക്കുന്ന പണി അവസാനിപ്പിക്കുന്നതാണ് നല്ലത്. സിപിഎമ്മിന്‍റെ പാദസേവയും ചെയ്ത് ജനങ്ങളുടെ മേല്‍ കുതിരകേറാന്‍ വന്നാല്‍ കെെയ്യുംകെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Comments (0)
Add Comment