കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ 16 വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം

Jaihind Webdesk
Sunday, September 5, 2021

 

പത്തനംതിട്ട : കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ട സിഎഫ്എൽറ്റിസിയിലാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ ചെന്നീർക്കര സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിഎഫ്എല്‍ടിസിയിലെ താല്‍കാലിക ജീവനക്കാരനാണ് പ്രതിയായ ബിനു.

കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കൊവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കൊവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊവിഡ് നെഗറ്റീവ് ആയ ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്നതിന് പകരം സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. ഇതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലും പൊലീസ് അന്വേഷണത്തിലുമാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. മാതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.