ലൈംഗിക പീഡനത്തില്‍ അന്വേഷണം: ബ്രിജ് ഭൂഷണ്‍ തല്‍ക്കാലം മാറിനില്‍ക്കും; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

Jaihind Webdesk
Saturday, January 21, 2023

 

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (WFI) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗും പരീശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.

കഴിഞ്ഞ മൂന്നു ദിവസമായി ഡൽഹിയിലെ ജന്തർ മന്തറിലാണ് മുന്‍നിര ഗുസ്തി താരങ്ങൾ സമരം നടത്തിയത്. ഗുസ്തി താരങ്ങൾ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. അന്വേഷണം തീരും വരെ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കും.

ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (IOA) ഇടപെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്ക്ക് കത്തെഴുതിയിരുന്നു. പരാതി അന്വേഷിക്കാൻ ഐഒഎ ഏഴംഗ സമിതിയെ നിയോഗിച്ചു.  ബോക്സിംഗ് താരം എം.സി മേരി കോം, ബാഡ്മിന്‍റൻ താരം അളകനന്ദ അശോക്, ഗുസ്തി താരം യോഗേശ്വർ ദത്ത്, അമ്പെയ്ത്ത് താരം ഡോള ബാനർജി, വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്‍റ് സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും അടങ്ങുന്നതാണ് സമിതി.

അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗും പരീശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രധാനമന്ത്രിക്ക് വനിതാ താരങ്ങൾ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് കോണ്ഗ്രസ് വക്താവ് സുപ്രിയ ഷിനറ്റ് കുറ്റപ്പെടുത്തി.