ലൈംഗിക പീഡനക്കേസില്‍ നീതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സ്വയം തീകൊളുത്തി കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ സംഘടനങ്ങള്‍ വന്‍ പ്രതിഷേധത്തില്‍. കോണ്‍ഗ്രസും ഓള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള ഏഴ് രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഒഡീഷ ബന്ദ് പൂര്‍ണ്ണം. ബന്ദ് സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. ഭദ്രക്, മയൂര്‍ ഭുരാജ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കടകള്‍ അടയ്ക്കുകയും ഗതാഗത സേവനങ്ങളെ ബാധിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കൃത്യമായ നടപടി സ്വീകരിക്കാത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ബന്ദ്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചായിരുന്നു ബന്ദ് .ബാലസോറിലെ ഫക്കീര്‍ മോഹന്‍ കോളേജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയില്‍ നിന്ന് വിദ്യാര്‍ത്ഥി തുടര്‍ച്ചയായി ലൈംഗിക പീഡനം നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. അധ്യാപകനില്‍ നിന്ന് തുടര്‍ച്ചയായി നേരിട്ട് പീഡനങ്ങളെ കുറിച്ച് പരാതി നല്‍കിട്ടും കോളേജ് പ്രിന്‍സിപ്പാള്‍ യാതൊരു നടപടിയും എടുത്തില്ല എന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ത്ഥിനി സ്വയം തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി . രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സഹപാഠികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ വന്‍ പ്രതിഷേധമാണ് ഒഡീഷയിലെ ബിജെപി സര്‍ക്കാരിന് എതിരെ ഉയരുന്നത്.