ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരം; ബാങ്ക് സെക്രട്ടറിയായ സിപിഎം നേതാവിനെതിരെ പരാതി

Jaihind Webdesk
Monday, August 23, 2021

 

കണ്ണൂർ : ലോണിനായെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച് സിപിഎം നേതാവായ ബാങ്ക് സെക്രട്ടറി. പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖിൽ നരങ്ങോലിക്കെതിരെ പാർട്ടി അനുഭാവിയായ യുവതി പരാതി നല്‍കി. യുവതി ബാങ്കിലെത്തി പ്രതിഷേധിച്ചതോടെ ബാങ്ക് സെക്രട്ടറിയെ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് വിവാദത്തിൽ നിന്ന് തലയൂരാൻ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ പ്രസിഡന്‍റായ ബാങ്ക് ഭരണസമിതിയുടെ ശ്രമം. എന്നാൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഇയാൾക്കെതിരെ നടപടി എടുക്കാന്‍ പാർട്ടി നേതൃത്വം തയാറാവുന്നില്ല.

മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധി പി ബാലൻ പ്രസിഡന്‍റായ പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പിണറായി ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച പാർട്ടി പ്രവർത്തകയായ യുവതി സെക്രട്ടറിക്കെതിരെ പരാതിയുമായെത്തി ബാങ്കിൽ ബഹളം വെക്കുകയായിരുന്നു. സൊസൈറ്റി സെക്രട്ടറിയും സിപിഎം പ്രാദേശിക നേതാവുമായ നിഖിൽ നരങ്ങോലി ഫോണിൽ അർധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്തു എന്നതായിരുന്നു യുവതിയുടെ പരാതി. ശല്യം തുടർന്നതോടെ യുവതി ബന്ധുകൾക്ക് ഒപ്പം സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു.

നിഖിലിനെതിരെ നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്‍റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി ബാലനെ യുവതി അറിയിച്ചു. വിവാദം ചൂടുപിടിച്ചതോടെ ജനറൽ ബോഡി ചേർന്ന് നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. എന്നാൽ സിപിഎം ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഖിലിനെ നീക്കം ചെയ്യാൻ പാർട്ടി നേതൃത്വം ഇതുവരെയും തയാറായിട്ടില്ല. ഇതിനെതിരെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി പറയാനുള്ള ഒരുക്കത്തിലാണ് യുവതി.