സിപിഎം സഹയാത്രികനും സാംസ്കാരിക പ്രവര്‍ത്തകനുമായ റൂബിന് ഡിക്രൂസിനെതിരെ ലൈംഗിക പീഡന പരാതി. മലയാളി യുവതിയെ ഡല്‍ഹിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് ഇയാള്‍ക്കെതിരായ പരാതി. ഡല്‍ഹി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ യുവതി നല്കിയ പരാതിയിന്പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
ഡല്‍ഹിയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ അസിസ്റ്റന്റ് എഡിറ്ററാണ് റൂബിന് ഡിക്രൂസ്. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയെയാണ് ഡല്‍ഹിയില്‍ വെച്ച് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വാടക വീട് കണ്ടെത്തുന്നതിനായി സഹായിക്കാമെന്ന് പറഞ്ഞ് ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്. 2020 ഒക്ടോബര്‍ രണ്ടിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്ന് 2021 ഫെബ്രുവരി 21 ന് ഡല്‍ഹി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് ശേഷം താന്‍ കടന്നുപോയത് ശാരീരികവും മാനസികവുമായ വലിയ വെല്ലുവിളികളിലൂടെയായിരുന്നുവെന്ന് യുവതി പറയുന്നു. ഇടതു- പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാര്‍ഥ മുഖമാണ് കാണേണ്ടി വന്നത്. ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതിന്റെ ഞെട്ടല്‍ മറികടക്കാന്‍ സഹായകമായത് സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയുമെല്ലാം പിന്തുണയായിരുന്നു. ഇതുപോലെയൊരാളെ വെറുതെവിടുന്നത് സഹജീവികളോടും ചെയ്യുന്ന ദ്രോഹമാണെന്ന് തോന്നിയതുകൊണ്ടാണ് പരാതിയുമായി മുന്നോട്ടുപോകുന്നതെന്നും യുവതി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
വ്യക്തിപരമായി വളരെ disturbing ആയ ഒരു കാലത്തില്‍ കൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാന്‍ കടന്നു പോയത്. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലം കൊണ്ട്, എന്ന് വച്ചാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ എന്നെ അടയാളപ്പെടുത്തിയ ശേഷം ഞാന്‍ നേടിയ ആത്മവിശ്വാസം, മനുഷ്യരില്‍ ഉണ്ടാക്കിയെടുത്ത trust … ( അത്തരം മനുഷ്യരേ എനിക്ക് ചുറ്റും ആവശ്യമുള്ളൂ എന്ന തിരിച്ചറിവില്‍ നിന്ന് കൂടിയാണത്) എല്ലാത്തിനെയും അടിയോടെ പിഴുതെടുത്ത ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു.
ഇടതു- പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാര്‍ത്ഥ മുഖം കാണേണ്ടി വന്നു. പൊതു സുഹൃത്തുക്കളും ഫേസ്ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരില്‍ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി violate ചെയ്യപ്പെടുന്നത്, പൊതുവെ സ്ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളര്‍ത്തുമെന്ന് പിന്നെയുള്ള ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു. കട്ടക്ക് കൂടെ നിന്ന വളരെ കുറച്ചു കൂട്ടുകാര്‍, നീ ധൈര്യമായി മുന്‍പോട്ടു പോകൂ, ഞങ്ങളുണ്ട് കൂടെ എന്ന് ചേര്‍ത്ത് പിടിച്ച കുടുംബം (72 വയസ്സുള്ള അമ്മയടക്കം) , തളര്‍ന്നു പോയപ്പോള്‍ താങ്ങിയ കൗണ്‍സിലിംഗ് അടക്കമുള്ള സപ്പോര്‍ട്ട് സിസ്റ്റം… ഒന്ന് നേരെയായപ്പോള്‍ തോന്നി.. ഇതുപോലൊരുത്തനെ വെറുതെ വിടുന്നത് എന്റെ സഹജീവികളോടും കൂടി ചെയ്യുന്ന ദ്രോഹമാണെന്ന്എനിക്കിതിത്ര ബാധിച്ചെങ്കില്‍ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ഒക്കെ പിന്തുണ അധികം ഒന്നുമില്ലാത്ത, പുതിയ നഗരത്തിലെത്തുന്ന ഒരു ഇരുപതുകാരി പെണ്കുട്ടിക്കോ കുടുംബപ്രശ്നങ്ങളുടെ ഇടയില്‍ ഒരു തുറന്ന സൗഹൃദമെന്നു തെറ്റിദ്ധരിച്ചു കുടുങ്ങിപ്പോകുന്ന ഒരു മധ്യവയസ്കക്കോ ഇത് എത്ര traumatic ആയിരുന്നു കാണുമായിരിക്കും എന്ന്.
റൂബിന് ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് register ചെയ്തു, FIR ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങള്‍ കുറെ തിരിച്ചറിവുകള്‍ തന്നു. വര്‍ഷങ്ങളായി നമ്മള് കൂട്ടുകാരെന്നു കരുതിയവര്‍ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടല്‍ മാറാന്‍ സമയമെടുക്കും.ഇത്രയൊക്കെ വൃത്തികേട് കാണിച്ചാലും മാറിയിരുന്ന് ന്യായീകരിക്കാന്‍ കഴിയുന്ന ഉളുപ്പില്ലായ്മക്ക്, ശാരീരികവും വൈകാരികവും മാനസികവുമായി മുറിവേറ്റ ഒരാളോട് വീണ്ടും വന്നു ഇനി കുറച്ചു ദയ, മനുഷ്വത്വം , സഹജീവി സ്നേഹം -ഒക്കെ കാണിക്കൂ എന്ന് പറയുന്ന നിസ്സംഗതക്ക്, എത്രയൊക്കെ ആയാലും സെക്ഷ്വല്‍ പ്രിഡേറ്റര്‍മാരായ പുരോഗമന പുരുഷന്മാര്ക്ക് ലഭിക്കുന്ന സുഹൃദ് സംരക്ഷണത്തിന് – ഇതിനൊക്കെ എതിരെ കൂടിയാണ് പ്രതികരിക്കേണ്ടത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് എനിക്കീ ദിവസങ്ങള്‍ തന്നത്…
കേസുമായി മുന്നോട്ടു പോകാന്‍ തുടങ്ങിയപ്പോള്‍ ഇയാളില്‍ നിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചു.. പല കാരണങ്ങള്‍ കൊണ്ട് പ്രതികരിക്കാന്‍ കഴിയാതിരുന്നവര്‍, അവരുടെ കൂടി അനുഭവങ്ങള്‍, അവര്‍ അനുഭവിച്ച trauma ഒക്കെ ഈ യാത്രയില്‍ എനിക്ക് കൂട്ടിനുണ്ട്.
കൂടെ നിന്നവരോട്.. നില്ക്കുന്നവരോട്… ഉമ്മ’