ലൈംഗിക പീഡന പരാതി; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

Jaihind Webdesk
Friday, August 30, 2024

 

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. 2013-ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കരമനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും.

മറ്റൊരു പരാതിയില്‍ ജയസൂര്യക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. 2008-ല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചെന്ന ആരോപണത്തിലാണ് കേസ്. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു. സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി വെളിപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ജയസൂര്യക്കെതിരെ 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

പരാതിക്ക് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടേറിയറ്റില്‍ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരുടേയും മൊഴി കന്‍റോണ്‍മെന്‍റ് പോലീസ് രേഖപ്പെടുത്തും.