‘പാർട്ടിയിലെ ഉന്നമനത്തിന് കാണേണ്ടതുപോലെ കാണണം’; സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി

Jaihind Webdesk
Tuesday, July 25, 2023

 

ആലപ്പുഴ: സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിന് എതിരെയാണ് പാർട്ടി അംഗമായ വനിത പരാതി നൽകിയത്. പാർട്ടിയിലെ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണമെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി.

ആലപ്പുഴ സിപിഎമ്മിൽ പുതിയ വിവാദത്തിന് തുടക്കമിട്ടാണ് യുവതിയുടെ ലൈംഗിക അധിക്ഷേപ പരാതി ഉയർന്നിരിക്കുന്നത്. പാർട്ടിയിൽ ഉയരാൻ തന്നെ വേണ്ടതുപോലെ കാണണമെന്ന് ഏരിയ കമ്മിറ്റി അംഗം തന്നോട് ആവശ്യപ്പെട്ടതായാണ് യുവതിയുടെ പരാതി. രണ്ടു മാസങ്ങൾക്കു മുമ്പ് യുവതി ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു എന്നാൽ പരാതി നൽകരുതെന്ന് ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉൾപ്പെട്ട തീരദേശത്തെ ലോക്കൽ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. പരാതി നൽകാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നപ്പോൾ ഒരു മുതിർന്ന നേതാവ് മടക്കി അയച്ചതായും യുവതി പറഞ്ഞു. പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ പോലീസിനെയും വനിതാ കമ്മീഷനെയും സമീപിക്കാനാണ് യുവതിയുടെ തീരുമാനം.

വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമായ ആലപ്പുഴയിലെ സിപിഎമ്മിൽ പുതിയ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ് യുവതിയുടെ ലൈംഗിക അധിക്ഷേപ പരാതി. ഗ്രൂപ്പ് പോരിന്‍റെ പേരിൽ ആലപ്പുഴയിലെ കമ്മിറ്റികൾ പിരിച്ചു വിട്ടശേഷം അഡ്ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്.