ബീഹാർ പീഡനക്കേസ്: കോടതിയില്‍ ‘ഞങ്ങളുടെ കുട്ടി’യെന്ന് ബിനോയ് കോടിയേരി; ഒത്തുതീർപ്പ് നീക്കം തടഞ്ഞ് മുംബൈ ഹൈക്കോടതി

Jaihind Webdesk
Saturday, July 9, 2022

Binoy-Kodiyeri1

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടഞ്ഞ് ബോംബെ ഹൈക്കോടതി. ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള നീക്കമാണ് പാളിയത്. കേസ് ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇരുവരും നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയില്‍  സമർപ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. അതേസമയം ഡിഎന്‍എ പരിശോധനാഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കുട്ടിയുടെ ഭാവിയെ ഓർത്താണ് ഒത്തുതീര്‍പ്പിന് തീരുമാനിച്ചതെന്ന് ഇരുവരും ഒപ്പിട്ട രേഖയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് ക്രിമിനൽ കേസാണെന്നും ഒത്തുതീർക്കാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ കുറ്റപത്രത്തിലുണ്ട്. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എൻ.ആർ ഭോർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് കോടതി ആരാഞ്ഞു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇതിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. കേസിലെ ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പരാതി വ്യാജമാണെന്ന് ഇതുവരെ വാദിച്ചിരുന്ന ബിനോയി ഇപ്പോള്‍ കുട്ടി തന്‍റേതാണെന്ന് അംഗീകരിച്ചതോടെ വെട്ടിലാകുന്നത് സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണനും പാർട്ടിയും കൂടിയാണ്.