പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 11 വര്‍ഷം തടവും 70,500 രൂപ പിഴയും

Jaihind News Bureau
Tuesday, May 20, 2025

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത അയല്‍വാസിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 11 വര്‍ഷവും 3 മാസവും കഠിനതടവും 70,500 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി കോട്ടയം രാമപുരം സ്വദേശി ഷാജിയെയാണ് കോടതി ശിക്ഷിച്ചത്.

ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസ് ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാല്‍ 60,000/ രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2024 മെയ് 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വക്കേറ്റ് ജോസ് മാത്യു തയ്യില്‍ ആണ് ഹാജരായത്.