കണ്ണൂർ : എസ്.എഫ്.ഐ യിൽ വീണ്ടും പീഡന വിവാദം. എസ്.എഫ്.ഐ പയ്യന്നൂർ ഏരിയ പ്രസിഡന്റിനെതിരെ വനിതാ പ്രവർത്തകയുടെ പരാതി. പയ്യന്നൂർ ഏരിയയിലെ വനിതാ പ്രവർത്തകയാണ് പാർട്ടിയിൽ പരാതി നൽകിയത് . കണ്ണൂരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ രാപ്പകൽ സമരത്തിൽ പങ്കെടുത്ത് തിരിച്ച് വരുമ്പോൾ കൂടെയുണ്ടായിരുന്ന വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
കോളേജ് വിദ്യാർഥിനിയായ വനിതാ പ്രവർത്തക എസ്.എഫ്.ഐ നേതൃത്വത്തിന് പരാതി നൽകി. ഇതിനെ തുടർന്ന് പരാതിക്കാരിയായ പെൺകുട്ടിയെ പ്രസിഡന്റ് വഴിയിൽ തടഞ്ഞുനിർത്തി പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ പ്രവർത്തക പയ്യന്നൂരിലെ സി.പി.എം പ്രാദേശിക നേതൃത്വത്തിനും പരാതി നൽകി. വാർത്ത പുറത്ത് അറിഞ്ഞാൽ പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കുമെന്നതിനാൽ പരാതി ഒതുക്കി തീർക്കാനുള്ള ശ്രമവും ഉണ്ടായി. ഇതിനെതിരെ മറ്റ് എസ്.എഫ്.ഐ പ്രവർത്തകർ രംഗത്ത് എത്തിയതോടെ എസ്.എഫ്.ഐ നേതൃത്വം ഇയാളെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിക്കുകയായിരുന്നു.
സംഭവം നടന്നിട്ട് ഒരാഴ്ച ആയിരിക്കെ പുറത്താക്കൽ നടപടി അടക്കം പാർട്ടി മറച്ചുവെക്കുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ സി.പി.എം നേതാക്കളും എസ്.എഫ്.ഐ നേതാക്കളും പയ്യന്നൂരിൽ യോഗം ചേർന്നിരുന്നു. അച്ചടക്ക നടപടികളുടെ ഭാഗമായി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും സൂചനയുണ്ട്.