കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിലെടുത്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എറണാകുളം നോര്‍ത്ത് പോലീസാണ് ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിക്കൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ചു. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് ബംഗാളി നടി പരാതി നല്‍കിയത്.
2009-ലായിരുന്നു നടിയുടെ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവം. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്ന് നടി വെളിപ്പെടുത്തി. സിനിമയല്ല ഉദ്ദേശ്യം എന്ന് മനസിലായതോടെ താന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടി പറഞ്ഞു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.