
മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐഎഫ്എഫ്‌കെ ചലച്ചിത്രോത്സവത്തിനായുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്ന ജൂറി അധ്യക്ഷനായിരിക്കെ, ജൂറി അംഗമായ വനിതയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രമത്തിന് ശ്രമിച്ചു എന്നാണ് കേസ്. ഈ സംഭവത്തില്‍ ഇടതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്റിലുകളും സാംസ്‌കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്ന മൗനം ശ്രദ്ധേയമാണ്. സാധാരണഗതിയില്‍ ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്ലൈനുമായി രംഗത്തെത്താറുള്ള വനിതാ മന്ത്രിമാരോ ഫെമിനിസ്റ്റുകളോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കുഞ്ഞുമുഹമ്മദിനെ ലൈംഗിക വേട്ടക്കാരനായി ചിത്രീകരിക്കാനോ വിമര്‍ശിക്കാനോ ആരും തയ്യാറാകാത്തത് അദ്ദേഹത്തിന് ലഭിക്കുന്ന രാഷ്ട്രീയ പ്രിവിലേജ് മൂലമാണെന്ന വിമര്‍ശനം ശക്തമാണ്. കുറ്റകൃത്യത്തിന്റെ തീവ്രത കുറച്ചു കാണിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും, പതിവ് ന്യായീകരണ ക്യാപ്സ്യൂളുകള്‍ പോലും ഈ വിഷയത്തില്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരി പോലീസിനും മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലം ഇടതുപക്ഷ സഹയാത്രികനും സാംസ്‌കാരിക നായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് 1994-ലും 1996-ലും ഗുരുവായൂരില്‍ നിന്ന് സിപിഎം എംഎല്‍എയായി വിജയിച്ചിട്ടുള്ള വ്യക്തിയാണ്. മഗ്രിബ്, ഗര്‍ഷോം, പരദേശി തുടങ്ങിയ സിനിമകളുടെ സംവിധായകനായ അദ്ദേഹം, കൈരളി ടിവിയില്‍ ദീര്‍ഘകാലം ‘പ്രവാസലോകം’ എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഇടതുപക്ഷത്തിന് പ്രിയപ്പെട്ട ഒരാളാണ് നിലവില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
മറ്റു വിഷയങ്ങളില്‍ വലിയ ആവേശം കാണിക്കാറുള്ള എല്‍ഡിഎഫ് അനുകൂല മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഈ വാര്‍ത്തയോട് നിശബ്ദത പാലിക്കുകയാണ്. പലരും വാര്‍ത്തയെ ഒഴിവാക്കുകയോ പേരിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്ത് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.