സെക്രട്ടേറിയറ്റില്‍ സെക്‌സ് റാക്കറ്റ് ; പിന്നിൽ ഇടത് സര്‍വ്വീസ് സംഘടനയിലെ പ്രമുഖർ ; പ്രവർത്തനം ദേവസ്വം പ്രസിഡന്‍റിന്‍റെ മരുമകന്‍റെ നേതൃത്വത്തിലെന്നും പരാതി | VIDEO

Jaihind News Bureau
Friday, November 20, 2020

Government-Secretariat

 

തിരുവനന്തപുരം : സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സിപിഎം സര്‍വ്വീസ് സംഘടനയില്‍പ്പെട്ട  ജീവനക്കാരുടെ നേതൃത്വത്തില്‍ സെക്‌സ് റാക്കറ്റ് പ്രവർത്തിക്കുന്നതായി  പരാതി. ഇടത് യൂണിയൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവിന്‍റെ  മരുമകനുമായ പ്രവീണിനെതിരെയാണ് പൊതുഭരണ സെക്രട്ടറിക്ക് പരാതി ലഭിച്ചിട്ടുള്ളത്. റാക്കറ്റിൽ അകപ്പെട്ട വനിതാ ഉദ്യോഗസ്ഥയുടെ ബന്ധുവാണ് ഏഴ് പേജുള്ള വിശദമായ പരാതി നൽകിയത്.

വനിതാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ച് തുടങ്ങുന്ന ബന്ധം പിന്നീട് വഴിവിട്ട രീതിയിലേക്കെത്തിച്ചാണ് റാക്കറ്റിന്‍റെ പ്രവർത്തനമെന്നും പരാതിയിൽ പറയുന്നു. സെക്രട്ടറിയേറ്റിലെ ഒന്നാം അനക്‌സ് ബില്‍ഡിംഗിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നത്. റാക്കറ്റിന്‍റെ വലയിൽ വീഴുന്ന വനിതാ ഉദ്യോഗസ്ഥരെ അതേ സെക്ഷനിൽ വെച്ച് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ശേഷം  വീഡിയോ പകർത്തി മറ്റുള്ളവർക്കു കൈമാറും.

ഇങ്ങനെ പകർത്തുന്ന വീഡിയോകൾ കാട്ടിയാണ് പിന്നീട് ഇവരെ നിരന്തര ചൂഷണങ്ങൾക്കിരയാക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഇടത് യൂണിയന്‍റെ സ്വാധീനം ഉപയോഗിച്ച് വനിതാ ഉദ്യോഗസ്ഥരെ ജോലിഭാരം കുറവുള്ള സെക്ഷനിൽ നിയമിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റിന് പുറമേ നഗരത്തിലെ ആറിടങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഇത്തരം ചൂഷണം അരങ്ങേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പരാതിയിലുണ്ട്. വിശദമായ പരാതി പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് രണ്ട് മാസം മുമ്പ് ലഭിച്ചിട്ടും ഇതിൽ അന്വേഷണം വൈകുന്നത് ഇടത് യൂണിയന്‍റെ സ്വാധീനമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.