സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കടുത്ത വിമര്‍ശനം; അസഹിഷ്ണുത പ്രകടിപ്പിക്കരുത്, പാർട്ടി ഉണ്ടാകില്ലെന്ന് അംഗങ്ങള്‍

Jaihind Webdesk
Saturday, June 8, 2024

 

തിരുവനന്തപുരം: സർക്കാരിന്‍റെയും പാർട്ടിയുടെയും പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പ്രാഥമിക വിലയിരുത്തലിനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കടുത്ത വിമര്‍ശനങ്ങളാണ് ഉയർന്നത്. വിമർശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കരുതെന്നും ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്‍റെ വോട്ടുചോർച്ചയിൽ വലിയ വിമർശനവും ആശങ്കയുമാണ് യോഗത്തിൽ ഉയർന്നത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിലും ആത്മവിമർശനവും, തിരുത്തലും വേണമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ തുറന്നടിച്ചു. സർക്കാരിന്‍റെ പ്രവർത്തനത്തിലും ശൈലിയിലും മാറ്റം വേണമെന്നാണ് ജനവിധിയെ സൂചിപ്പിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുതെന്നും ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് വിമർശന മുയർത്തി. സിപിഎമ്മിന്‍റെ വോട്ടു ചോർച്ചയിൽ വലിയ വിമർശനവും ആശങ്കയുമാണ് യോഗത്തിൽ ഉയർന്നത്. പല മണ്ഡലങ്ങളിലും പാർട്ടി വോട്ടുകൾ ചോർന്നതിൽ ആഴത്തിലുള്ള പരിശോധന വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. തൃശൂർ, ആലപ്പുഴ, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി സിപിഎം ഡീൽ നടന്നതായ ശക്തമായ വിമർശനം നേരത്തെ പ്രതിപക്ഷം ഉയർത്തിയിരുന്നു.ഇതിനെ സാധൂകരിക്കുന്ന നിലയിലുള്ള വോട്ടു ചോർച്ച വിമർശനമാണ് സിപിഎം സെക്രട്ടേറിയറ്റിലും ഉയർന്നത്.

സിപിഎമ്മിന്‍റെ വോട്ട് ചോർച്ചയിൽ കൂടുതൽ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്ന് എം.വി. ഗോവിന്ദനും അപ്രതീക്ഷിത വിധി എന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിയെ കുറിച്ച് വിശദമായ അവലോകനം ഈ മാസം 16 മുതൽ ചേരുന്ന നേതൃയോഗങ്ങളിൽ ഉണ്ടാകും. പ്രാഥമിക ചർച്ചയിൽ തന്നെ വലിയ വിമർശനങ്ങൾ സർക്കാരിനും പാർട്ടി നേതൃത്വത്തിലും എതിരെ ഉയർന്ന സാഹചര്യത്തിൽ തുടർചർച്ചകളിലും ശക്തമായ വിമർശനങ്ങൾ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും എതിരെ ഉയരുമെന്ന് ഉറപ്പാണ്.