വിമർശനശരമേറ്റ് മുഖ്യനും ആഭ്യന്തരവകുപ്പും; സിപിഎമ്മിലെ പിണറായി പ്രഭാവത്തിന് മങ്ങല്‍

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ ആഭ്യന്തര വകുപ്പിനും പോലീസിനും രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെ വികൃതമാക്കുന്ന നടപടികള്‍ പോലീസ് സേനയില്‍ നിന്നുണ്ടായെന്ന് വിലയിരുത്തലുണ്ടായി.  മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ ചില അധികാര കേന്ദ്രങ്ങളും പോലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ ആക്രമണങ്ങള്‍ നേരിടുന്നതില്‍ പോലീസ് പരാജയപ്പെട്ടു. തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ഭീതി പരത്തി. സ്ത്രീ സുരക്ഷയിലും പോലീസിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങള്‍ക്ക് എതിരായ പൊലീസ് നടപടി മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ ഉലച്ചെന്നും സംസ്ഥാന സമിതിയില്‍ വിമർശനമുയർന്നു. പോലീസിന് ഗുണ്ടാ ബന്ധവും പലിശ, പണമിടപാടുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ  സംസ്ഥാന സമിതിയില്‍ രൂക്ഷ വിമർശനമാണ് ഉയർന്നത്. മൈക്കിനോട് പോലും കയർക്കുന്ന മുഖ്യമന്ത്രിയുടെ അസഹിഷ്ണുത വ്യാപക അവമതിപ്പ് ഉണ്ടാക്കി. അനവസരത്തിലെ വിദേശയാത്രാ വിവാദം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായമുയർന്നു. പൊതുസമൂഹത്തിലെ ഇടപെടലില്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണ്. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ക്ഷേമ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയത് പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന അടിസ്ഥാന വര്‍ഗത്തെ എതിരാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊട്ടിഘോഷിച്ചു നടത്തിയ നവകേരള സദസ് വിപരീത ഫലമാണ് ഉണ്ടാക്കിയത്. ലക്ഷങ്ങള്‍ മുടക്കിയുള്ള ധൂര്‍ത്ത് എന്ന പ്രതിപക്ഷ വിമര്‍ശനം വേണ്ട രീതയില്‍ പ്രതിരോധിക്കാനും കഴിയാതിരുന്നതും തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ പിണറായി വിജയന്‍ ഒടുവില്‍ വിമർശനം ഏറ്റുവാങ്ങുന്നതിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി മൗനം തുടരുകയാണ്.