ബീഹാറിലെ മുസാഫർപുർ ജില്ലയിൽ മസ്തിഷ്‌കജ്വരം പിടിപെട്ടു മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. രോഷാകുലരായ നാട്ടുകാരും രോഗികളുടെ ബന്ധുക്കളും, ആശുപത്രി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരേ പ്രതിഷേധിച്ചു. 17 ദിവസത്തിനിടെ 126 കുട്ടികൾ മരിച്ചതാണു കടുത്ത ആശങ്കയ്ക്കിടയാക്കിയത്.
രോഗകാരണം കണ്ടെത്താനോ മരണസംഖ്യ ഉയരുന്നതു തടയാനോ കഴിയാത്തതിൽ കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്. നേരത്തേ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ മുസാഫർപുരിൽ സന്ദർശനം നടത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, ആവശ്യത്തിനുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
അതിനുശേഷവും മരണസംഖ്യ കൂടുന്നതാണു കടുത്ത ആശങ്കയ്ക്കിടയാക്കിയത്. രോഗബാധിതരായ ഒട്ടേറെ കുട്ടികൾ മുസാഫർപുർ ആശുപത്രി, ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രി, നളന്ദ ബിഹാർ ഷെരീഫ് സദർ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മസ്തിഷ്‌കജ്വരം പടരുന്നതു തടയുന്നതിൽ ചെറിയ വീഴ്ചകൾ സംഭവിച്ചതായി മുഖ്യമന്ത്രി അംഗീകരിച്ചതായി മുസാഫർപുർ എം.പി അജയ് നൗഷാദ് പറഞ്ഞു.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നത് രോഗം പടരാൻ കാരണമായതായും അദ്ദേഹം പറഞ്ഞു. അതേസമയം, ശ്രീകൃഷ്ണ മെഡിക്കൽ കോളജ് സന്ദർശിക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചത്. ഡോക്ടർമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗത്തിൽ പങ്കെടുത്തശേഷമാണു മുഖ്യമന്ത്രി തിരിച്ചുപോയത്. 330 കുട്ടികൾ ചികിത്സ തേടിയതായാണു മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം.