പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 15 പേര്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. രാം നഗര്‍ ദെഹ റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ ഒരു പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചു. കൂട്ടിയിടിച്ചതിന് പിന്നാലെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മരിച്ചവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. സുഖ്ജീത് സിംഗ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മന്‍ജിത് സിംഗ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധന വര്‍മ്മ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ധര്‍മേന്ദര്‍ വര്‍മ്മയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ബല്‍വന്ത് സിംഗ്, ഹര്‍ബന്‍സ് ലാല്‍, അമര്‍ജീത് കൗര്‍, ഗുര്‍മുഖ് സിംഗ് എന്നിവരുള്‍പ്പെടെ 15 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് എസ്.ഡി.എം. ഉറപ്പുനല്‍കി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തു. അപകടത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് രാജ വാറിംഗ് രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.