തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിപ്പോയ എ.ഡി.എമ്മിന് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണിക്കപ്പെടാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരമായ ആരോപണമുന്നയിച്ചത്. സ്ഥലം മാറിപ്പോകുന്നയാളിനെ പിന്തുടര്‍ന്നെത്തി വ്യക്തിഹത്യ ചെയ്യുകയായിരുന്നു. ഉപഹാരം നല്‍കുന്ന ചടങ്ങില്‍ നില്‍ക്കുന്നില്ല എന്ന തരത്തില്‍ അവഹേളിച്ച് സംസാരിക്കുകയുണ്ടായി. വിളിക്കാത്ത യോഗത്തില്‍ പോയി എ.ഡി.എമ്മിനെ അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നിയമനടപടിയെടുക്കണം.
കൈക്കൂലി ആവശ്യപ്പെട്ടെന്നും അത് നല്‍കിയതായും ഇപ്പോള്‍ ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം നടന്നുവരുന്നു. കൈക്കൂലി കൊടുത്തു എന്ന ധ്വനി വരുന്ന തരത്തിലാണ് ഇന്നലെ സംസാരിച്ചതെങ്കില്‍ ഇന്ന് പരാതിക്കാരന്‍ അതേ കാര്യം ആരോപിച്ചുകൊണ്ട് രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഈ വിവരം നേരത്തെ അറിയാമായിരുന്നെങ്കില്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള നിയമസംവിധാനങ്ങളെ അറിയിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്. ആറുമാസം വരെ എന്‍.ഒ.സി നല്‍കാതെ എ.ഡി.എം ഫയല്‍ പിടിച്ചുവച്ചു എന്നാണ് ആരോപണം. വിവരാവകാശം സേവനാവകാശം തുടങ്ങിയ നിയമപരിരക്ഷ ഉള്ള ഈ നാട്ടില്‍ തന്നെ സമീപിച്ച ഹര്‍ജിക്കാരനോട് നിയമപരമായ നടപടി സ്വീകരിക്കുവാന്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടിട്ടില്ല എന്നത് ദുരൂഹമാണ്.
അഴിമതിയും ഇത്തരം ആരോപണങ്ങളും ഒക്കെ ചില ജനപ്രതിനിധികള്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം സര്‍ക്കാര്‍ ജീവനക്കാരുടെ തലയില്‍ വെച്ച് കെട്ടാറുണ്ട്. ഗവണ്‍മെന്റിന് നേതൃത്വം കൊടുക്കുന്ന ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പോലും സഭ്യേതരമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബോധന ചെയ്തിട്ടുള്ളത് നമ്മുടെ മുന്നിലുണ്ട്. ജനപ്രതിനിധികള്‍ അതിരുവിട്ട് പോകുന്നത് നീതീകരിക്കാന്‍ ആകുന്നതല്ല.
കഴിഞ്ഞ എട്ടര വര്‍ഷക്കാലമായി സംസ്ഥാന സിവില്‍ സര്‍വ്വീസില്‍ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം പൊടിപൊടിക്കുകയാണ്. അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് തുടങ്ങിയ നിയമനങ്ങള്‍ ഭരണകൂടം രാഷ്ട്രീയ നിറം നോക്കിയാണ് തീരുമാനിക്കുന്നത്. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിന് ശുപാര്‍ശ ചെയ്യണം. മാനദണ്ഡങ്ങള്‍ പാലിച്ചാണ് അനുമതി നല്‍കേണ്ടത്. എക്‌സിക്യൂട്ടീവിന് സത്യസന്ധമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം എന്നും ചവറ ജയകുമാര്‍ തുടര്‍ന്ന് അഭിപ്രായപ്പെട്ടു.