തെരഞ്ഞെടുപ്പ് തിരിച്ചടി ഗൗരവമായി കാണണം ; തോല്‍വി പരിശോധിക്കാന്‍ പ്രത്യേക സമിതി

ന്യൂഡല്‍ഹി : കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ ഗുരുതരമായ തിരിച്ചടിയെ ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തിരിച്ചടിയുടെ കാരണങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു സോണിയ.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം തികച്ചും നിരാശാജനകമാണ്. തിരിച്ചടിക്ക് കാരണം എന്താണെന്ന് വിശദമായ പരിശോധന ആവശ്യമാണ്. കേരളത്തിലും അസമിലും നിലവിലുള്ള സര്‍ക്കാരുകളെ സ്ഥാനഭ്രഷ്ടനാക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു, ബംഗാളില്‍ എന്തുകൊണ്ട് വലിയ തിരിച്ചടിയുണ്ടായി എന്നൊക്കെ മനസിലാക്കേണ്ടതുണ്ട്. പരാജയത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്തി തിരുത്തലുകൾ വരുത്തണം. ഇതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു സമിതിക്ക് രൂപം നല്‍കും. എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് ആവശ്യപ്പെടും.

ചിലപ്പോള്‍ പരിശോധന അസുഖകരമായ പാഠങ്ങള്‍ നല്‍കും. പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയും വസ്തുതകളെ അഭിമുഖീകരിക്കാതെയും ശരിയായ പാഠങ്ങള്‍ മനസിലാക്കാന്‍ കഴിയില്ല. സംഘടനയ്ക്കുള്ളില്‍ കാര്യങ്ങള്‍ ചിട്ടയാക്കണമെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് ശരിയായ ദിശയിലേക്ക് നീങ്ങണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment