സ്പ്രിങ്ക്ളർ കരാറിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും, മുന്നറിയിപ്പ് നൽകിയും, വിമർശിച്ചും ഹൈക്കോടതി

Jaihind News Bureau
Friday, April 24, 2020

വിവാദമായ സ്പ്രിങ്ക്ളർ കരാറിൽ സർക്കാരിനെ കുറ്റപ്പെടുത്തിയും, മുന്നറിയിപ്പ് നൽകിയും, വിമർശിച്ചും ഹൈക്കോടതി. കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് ഡാറ്റ കൈമാറ്റം ചെയ്യാൻ ഉണ്ടാക്കിയ കരാറിൽ സര്‍ക്കാര്‍ കാര്യങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി സ്പ്രിങ്ക്ളറിന് മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളോ, ഡാറ്റ ശേഖരണത്തിന് സ്പ്രിങ്ക്ളറിനെ എന്തുകൊണ്ട് തെരഞ്ഞെടുത്തു, സ്പ്രിങ്ക്ളറിന്‍റെ വിശ്വാസ്യതയെക്കുറിച്ച് സർക്കാർ എന്തുകൊണ്ട് പറയുന്നില്ല, കൊവിഡിന് മുമ്പ് സ്പ്രിങ്ക്ളറുമായി ചർച്ച നടത്തിയത് എന്തിനായിരുന്നു, ഇന്ത്യൻ ടെക്നോളജി എന്തുകൊണ്ട് ഉപയോഗിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച കോടതി, സ്പ്രിങ്ക്ളറിന്‍റെ വിശ്വാസ്യതയെ കുറിച്ച് സർക്കാർ പറയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

അടിയന്തര സാഹചര്യം എന്നാൽ പ്രശ്നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി എന്തുകൊണ്ടാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. വിശ്വാസ്യത പരിഗണിച്ചാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സൈബര്‍ വിദഗ്ധയായ അഭിഭാഷക കോടതിയിൽ വാദിച്ചെങ്കിലും ലോകത്ത് ഈ കാര്യം ചെയ്യാൻ സ്പ്രിങ്ക്ളര്‍ മാത്രമേ ഉള്ളോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഐടി സെക്രട്ടറി സ്വകാര്യ ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞത് ശ്രദ്ധേയമായി.

കരാർ കാലാവധി കഴിഞ്ഞാൽ മുഴുവൻ ഡേറ്റയും സ്പ്രിങ്ക്ളര്‍ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട കോടതി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്.

കോടതി ഉന്നയിച്ച ചോദ്യങ്ങൾ


എന്തുകൊണ്ട് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തു?

അമേരിക്കൻ കമ്പനിയാണ് ഡാറ്റ ശേഖരിക്കുന്നതെന്ന വിവരം ജനങ്ങളോട് മറച്ച് വച്ചോ ?

വിവര ചോർച്ച ഉണ്ടായോ ഇല്ലയോ എന്ന്‌ പറയാൻ ആകുമോ ?

ഡാറ്റ ചോർച്ച ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പ് പറയും ?

ഏപ്രിൽ 4 വരെ ഡാറ്റ ചോർന്നില്ല എന്ന്‌ പറയാനാകുമോ?

മൂന്നാമതൊരു കക്ഷിയെ ഇതിൽ തെരഞ്ഞെടുക്കാൻ ശ്രമിക്കാഞ്ഞതെന്ത്?

പല കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്യാതിരുന്നതെന്ത്?

ഐടി വകുപ്പ് നിയമ വകുപ്പിന്‍റെ അനുമതി തേടാത്തത് എന്തുകൊണ്ട് ?

അഞ്ച് ലക്ഷം പേരുടെ ഡാറ്റ ബിഗ് ഡാറ്റ ആകുന്നതെങ്ങനെ ?

ഡാറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ സംവിധാനങ്ങളില്ലേ ?

സ്പ്രംക്ലറിനെ കരാര്‍ ഏൽപ്പിക്കാൻ എന്തിനായിരുന്നു തിടുക്കം ?

അസാധാരണ സാഹചര്യങ്ങൾ പ്രശ്നം ഉണ്ടാക്കാനുള്ളതാണോ ?

ഇന്ത്യൻ ടെക്നോളജി എന്ത് കൊണ്ട് ഉപയോഗിച്ചില്ല ?

കരാറിനെ കുറിച്ചല്ല വ്യക്തിവിവരം ചോരുന്നതിൽ ആണ് ആശങ്ക എന്നും വിവരശേഖരണത്തിന്‍റെ രഹസ്യ സ്വഭാവത്തിനാണ് പ്രധാന്യമെന്നും കോടതി പറഞ്ഞു.