പട്ടേലിന്‍റെ പരിഷ്കാരങ്ങള്‍ക്ക് തിരിച്ചടി ; ബീഫ് ഒഴിവാക്കല്‍ ഉള്‍പ്പെടെ രണ്ട് വിവാദ ഉത്തരവുകള്‍ക്ക് സ്റ്റേ

Jaihind Webdesk
Tuesday, June 22, 2021

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ വിവാദ ഭരണപരിഷ്കാരങ്ങള്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കാനും ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനുമാണ് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മല്‍ അഹമ്മദിന്‍റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.

ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ഹൈക്കോടതി നടപടി വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡയറി ഫാമുകൾ അടച്ച് പൂട്ടാനുള്ള ഉത്തരവ് ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമുൽ കമ്പനിക്ക് ദ്വീപിനകത്ത് കച്ചവട അവസരം ഒരുക്കി നൽകാനാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ദ്വീപിൽ അമുൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും അഡ്മിനിസ്ട്രേറ്റർ അനുമതി നൽകിയിരുന്നു.

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കിയ നടപടി സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്‍റെ ഭാഗമാണെന്ന് കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു.എന്നാൽ ഈ രണ്ട് ഉത്തരവുകളും ദ്വീപ് ജനതയുടെ ആരോഗ്യകമായ പുരോഗതിക്ക് വേണ്ടിയാണെന്ന വിചിത്ര വാദമാണ് ലക്ഷദ്വീപ് കലക്ടർ അടക്കമുള്ളവർ ഉയർത്തിയത്. ലക്ഷദ്വീപിനകത്തും പുറത്തും അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോൾ ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഈ അനുകൂല ഉത്തരവ് ദ്വീപ് ജനതയ്ക്ക് വലിയ ആശ്വാസമാകുമെന്നുറപ്പാണ്.