ന്യൂഡല്‍ഹി: എൻഡിഎയിൽ വീണ്ടും പൊട്ടിത്തെറി. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി പശുപതി കുമാർ പരാസ് രാജിവെച്ചു. രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി നേതാവാണ് പശുപതി കുമാർ പരാസ്. ബിജെപിയുടെ അവഗണനയെ തുടർന്നാണ് പശുപതി എൻഡിഎ വിട്ടത്. ബിഹാറില്‍ ചിരാഗ് പസ്വാന്‍റെ എല്‍ജെപിയുമായി ബിജെപി സീറ്റ് ധാരണയിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പശുപതി പരാസ് രാജി പ്രഖ്യാപിച്ചത്. തന്നോടും പാര്‍ട്ടിയോടും അനീതികാണിച്ചുവെന്ന് പശുപതി പ്രതികരിച്ചു.
‘ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞദിവസം എന്‍ഡിഎ. പ്രഖ്യാപിച്ചു. എന്‍റെ പാര്‍ട്ടിക്ക് അഞ്ച് എംപിമാരുണ്ടായിരുന്നു. ഞാന്‍ വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നോടും എന്‍റെ പാര്‍ട്ടിയോടും അനീതി കാണിച്ചു’ – രാജി പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ വാർത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.
ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും ചിരാഗ് പസ്വാന്‍റെ എല്‍ജെപി അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഉപേന്ദ്രകുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും ഓരോ സീറ്റില്‍ വീതം മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവിഭക്ത ലോക്ജനശക്തി പാര്‍ട്ടിക്ക് നല്‍കിയ ആറു സീറ്റിലും വിജയിച്ചു. രാം വിലാസ് പസ്വാന്‍റെ മരണത്തിന് പിന്നാലെ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അഞ്ച് എംപിമാരും പശുപതി പരാസിനൊപ്പം നില്‍ക്കുകയായിരുന്നു.