ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കരകൗശല രംഗത്ത് പണിയെടുക്കുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും ദുരിതത്തിൽ. പല വിഭാഗങ്ങൾക്കും സഹായം പ്രഖ്യാപിച്ചിട്ടും ഇവർക്കായി സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
അന്നന്ന് പണിയെടുത്ത് ഉപജീവനം നടത്തുന്നവരാണ് സംസ്ഥാനത്ത് കരകൗശല രംഗത്ത് പണിയെടുക്കുന്നവർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർക്ക് തൊഴിലില്ലാതെ ആയി. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി തളർത്തിയ ഒരു മേഖല ഇതോടെ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. അതേസമയം, ഈ മേഖലയിൽ തൊഴിലെടുത്ത് ജീവിക്കുന്നവരിൽ ഭൂരിഭാഗവും പലവിധ രോഗങ്ങളോട് മല്ലിട്ട് മുന്നോട്ട് പോകുന്നവരാണ്. ക്ഷേമനിധി ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമല്ല. അവശകലാകാരന്മാർക്കുള്ള പെൻഷനിൽ തന്നെ കുറച്ച് കാലമായി കുടിശ്ശികയും കൂടുകയാണ്. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് സർക്കാരിന്റെ അവഗണനയും സഹിക്കേണ്ടി വരുന്നത്.
തങ്ങളെ രണ്ടാം തരം പൗരന്മാരായി കാണാതെ അടിയന്തിരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപ്പെടണമെന്നാണ് ഇവരുടെ ആവശ്യം.