മൂന്നാം ടേമിന് തിരിച്ചടി; ജനങ്ങള്‍ എല്‍ഡിഎഫിനോട് ‘കടക്ക് പുറത്ത്’

Jaihind News Bureau
Saturday, December 13, 2025

ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവാണ് കുറിക്കുന്നത്. ‘ഭരണത്തുടര്‍ച്ച’ എന്ന ഇടതുമുന്നണിയുടെ ലക്ഷ്യം തകര്‍ന്നടിഞ്ഞപ്പോള്‍, പ്രതിപക്ഷമായ യു.ഡി.എഫിന് ഇത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും സാധിച്ചില്ലെന്ന് ഈ ഫലം അടിവരയിടുന്നു. രാഷ്ട്രീയ ശക്തി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ കോര്‍പ്പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നീ തട്ടുകളില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. 2015-ലെ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളും 14-ല്‍ 11 ജില്ലാ പഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായിരുന്ന എല്‍.ഡി.എഫ് ഇക്കുറി പാടെ കടപുഴകി വീണു.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടതുമുന്നണിക്ക് ഇത്ര വലിയൊരു തിരിച്ചടി നേരിടുന്നത് ഇതാദ്യമാണ്. 2010-ലെ സമാനമായ ഫലത്തിനുശേഷം 2011-ല്‍ യു.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രവുമുണ്ട്. ആറു കോര്‍പ്പറേഷനുകളില്‍ ഒന്നുമാത്രമാണ് എല്‍.ഡി.എഫിന് നിലനിര്‍ത്താനായത്. പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് മേല്‍ക്കൈ നേടാനായത്. ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണിയുടെ ആധിപത്യം തകര്‍ന്നു. ശബരിമലയിലെ സ്വര്‍ണ്ണപാളി കവര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും, മുന്നണിയിലെ തമ്മിലടിയും, വിവിധ വകുപ്പുകളിലെ ദുര്‍ഭരണങ്ങളും ഈ കനത്ത തിരിച്ചടിക്ക് വഴിവെച്ചു എന്നാണ് വിലയിരുത്തല്‍. കൂടാതെ, തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് ഒരുക്കിവെച്ച വികസന-ജനപ്രിയ പ്രചരണായുധങ്ങള്‍ ആകെ പൊളിഞ്ഞുപോവുകയും ചെയ്തു.

കഴിഞ്ഞ പത്തുവര്‍ഷമായി ഇടതുമുന്നണി പൂര്‍ണ്ണാധിപത്യം പുലര്‍ത്തിയിരുന്ന തെക്കും മദ്ധ്യ തിരുവിതാംകൂറിലുമുണ്ടായ തിരിച്ചടി സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളില്‍ യു.ഡി.എഫ് ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ ഇതിനേക്കാള്‍ ഗുരുതരമായ തിരിച്ചടി നേരിട്ടത് എക്കാലത്തെയും അവരുടെ ശക്തികേന്ദ്രങ്ങളായ മലബാര്‍ മേഖലയിലാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കണ്ടത്. മുപ്പതുവര്‍ഷമായി ഭരിച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിയാണ് സി.പി.എമ്മിനെ ഏറ്റവും ഞെട്ടിച്ചത്. ഇവിടെ ബി.ജെ.പി സ്വന്തം വാര്‍ഡുകള്‍ നിലനിര്‍ത്തുകയും യു.ഡി.എഫ്, എല്‍.ഡി.എഫ് കുത്തക കേന്ദ്രങ്ങളില്‍ കടന്നുകയറുകയും ചെയ്തു.

ഈ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സി.പി.എം മുന്നണി മര്യാദകള്‍ പാലിക്കാതെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ തിരിച്ചടി എന്ന വിമര്‍ശനം മുന്നണിക്കുള്ളില്‍ ശക്തമാവുകയാണ്. നേരത്തെ പല വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന സി.പി.ഐ ഈ വിഷയത്തില്‍ കടുത്ത വിമര്‍ശനവുമായി മുന്നോട്ട് വന്നേക്കാം. അതുപോലെ, ശക്തികേന്ദ്രങ്ങളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുണ്ടായ തിരിച്ചടി കേരള കോണ്‍ഗ്രസ് (എം) നെയും നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചേക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി കേവലം നാല് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഈ വലിയ തിരിച്ചടി മറികടക്കുക എന്നത് സി.പി.എമ്മിനെ സംബന്ധിച്ച് അതീവ ദുര്‍ഘടമായ കാര്യമായിരിക്കും.

ആറു കോര്‍പ്പറേഷനുകളില്‍ നാലെണ്ണവും 14 ജില്ലാ പഞ്ചായത്തുകളില്‍ എട്ടെണ്ണവും പിടിച്ചെടുത്ത യു.ഡി.എഫിന് ഈ തിരഞ്ഞെടുപ്പ് ഫലം പുതിയ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് നല്‍കുന്നത്. ഈ വിജയം അപ്രതീക്ഷിതമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളും ചര്‍ച്ചയായിട്ടും നേടിയ ഈ വിജയം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കരുതിയ മേഖലകളിലെ തിരിച്ചുവരവ്, നിര്‍ണായകമാണ്. തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായത് യു.ഡി.എഫിന് കൂടുതല്‍ കരുത്തേകുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കിയായിരിക്കും അവര്‍ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. അതുകൊണ്ടുതന്നെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക എന്ന ലക്ഷ്യം അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷയോടെ കാണാനും അതിനായി പ്രവര്‍ത്തിക്കാനും കഴിയും.