തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ബില്ലുകള്‍ പിടിച്ചുവച്ചതിനെ വിമര്‍ശിക്കുകയും മൂന്ന് മാസത്തിനകം ബില്ലുകളില്‍ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ചെന്നും ബില്ലുകള്‍ അനന്തമായി പിടിച്ചുവയ്ക്കരുതെന്നും നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്നതെന്നും കോടതി വിമര്‍ശിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നിഷേധിച്ചത് തെറ്റെന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവച്ചിരുന്നു. ഇത് നിയമവിരുദ്ധമെന്നാണ് കോടതി കണ്ടെത്തിയത്. നിയമസഭ പാസാക്കിയ ബില്ലുകളിന്‍മേല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യതകള്‍ മാത്രമാണ് ഉള്ളത്. അംഗീകാരം നല്‍കാം, തടഞ്ഞുവയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം ഇതൊക്കയാണ് സാധ്യതകള്‍. ബില്ലുകള്‍ തടഞ്ഞു വച്ചശേഷം രാഷ്ട്രപതിക്ക് അയക്കാനാവില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
‘ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കണം. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് യാതൊരു വിവേചനാധികാരവുമില്ല’ എന്നും സുപ്രീംകോടതി തമിഴ്‌നാട് ഗവര്‍ണറെ വിമര്‍ശിച്ചു.