അസോ. പ്രൊഫസറാകാന്‍ പ്രിയാ വർഗീസിന് യോഗ്യതയില്ല: ഫേസ്ബുക്ക് പോസ്റ്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; തിരിച്ചടി

Jaihind Webdesk
Thursday, November 17, 2022

 

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫറാകാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അധ്യാപന പരിചയം ആവശ്യമാണെന്നും പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും കോടതി കണ്ടെത്തി. കോടതി പരാമർശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പ്രിയാ വർഗീസിന്‍റെ നടപടിയെയും വിമർശിച്ച കോടതി നിയമന പട്ടിക റദ്ദാക്കി.  ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് വിധി പ്രസ്താവം.

രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയാണ് പ്രിയാ വർഗീസിന്‍റെ നിയമന നീക്കത്തെ ചോദ്യം ചെയ്ത് ഹർജി നല്‍കിയത്. സര്‍വകലാശാലകളിലും കോളേജുകളിലും യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് കോടതി വിധി പ്രസ്താവനത്തിന് മുന്നോടിയായി പറഞ്ഞു. പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല. അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയില്‍ ആവശ്യമായ കാലം പ്രവർത്തിച്ചിട്ടില്ല. എന്‍എസ്എസ് കോ ഓർഡിനേറ്ററായുള്ള കാലവും സ്റ്റുഡന്‍റ്സ് ഡയറക്ടര്‍ കാലയളവും അധ്യാപനകാലയളവായി പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അധ്യാപനം കുട്ടിക്കളിയായി കാണാന്‍ കഴിയില്ലെന്നും അധ്യാപകർ രാഷ്ട്രനിർമാതാക്കളാണെന്നും കോടതി പരാമർശിച്ചു. സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും കോടതി കൂട്ടിച്ചേർത്തു. പ്രിയാ വർഗീസിന്‍റെ അയോഗ്യതകള്‍ ഹൈക്കോടതി അക്കമിട്ട് നിരത്തി.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ പ്രിയാ വർഗീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. എൻഎസ്എസ് കോ ഓർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിയാ വർഗീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കോടതിയെ ചൊടിപ്പിച്ചു.  സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്ന് കോടതി പരാമർശിച്ചു. കോടതി പരാമർശം അവമതിപ്പുണ്ടാക്കിയെന്ന് പ്രിയാ വർഗീസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കുഴിവെട്ട് എന്ന വാക്ക് ഉപയോഗിച്ചതായി ഓർക്കുന്നില്ലെന്നും എന്‍എസ്എസിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. താനും എന്‍എസ്എസിന്‍റെ ഭാഗമായിരുന്നെന്നും കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ അവിടെ നില്‍ക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പ്രിയാ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയത് യുജിസി ചട്ടം ലംഘിച്ചാണെന്നും പട്ടികകയിൽ നിന്ന് പ്രിയാ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയാണ് ഹർജി നല്‍കിയത്. പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസിയും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു പ്രിയാ വർഗീസിന്‍റെ വാദം. ഹർജി നിലനില്‍ക്കില്ലെന്ന് പറഞ്ഞത് പ്രിയാ വർഗീസ് മാത്രമാണെന്നും സർവകലാശാല പോലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

 

പ്രിയ വര്‍ഗീസിന്‍റെ വിവാദ നിയമന നീക്കത്തിന്‍റെ  നാള്‍വഴികളിലൂടെ:

  • 22-09-2021:

കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • 12.11.2021:

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി

  • 13.11.2021:

സ്‌ക്രീനിംഗ് കമ്മിറ്റി അപേക്ഷ നല്‍കിയ 10 പേരില്‍ നിന്നും 6 പേരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കി

  • 18.11.2021:

ഓണ്‍ലൈനായി ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം നടന്നു

  • 23.11.2021:

ഗോപിനാഥ് രവീന്ദ്രന്‍റെ വൈസ് ചാന്‍സിലര്‍ കാലാവധി പൂര്‍ത്തിയായി

  • 24.11.2021:

ഗോപിനാഥ് രവീന്ദ്രന് വൈസ് ചാന്‍സലറായി പുനര്‍ നിയമനം

  • 25.11.2021:

പ്രിയയ്ക്ക് മതിയായ യോഗ്യത ഇല്ലെന്ന് സേവ് യൂണിവേഴ്‌സിറ്റിയുടെ ആരോപണം

 

   >>>>റാങ്ക് പട്ടിക പുറത്തുവിടാതെ 7 മാസം സിന്‍ഡിക്കേറ്റിന്‍റെ ഒളിച്ചുകളി

 

  • 27.06.2022:

അഭിമുഖത്തിന്‍റെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു. പ്രിയയ്ക്ക് ഒന്നാം റാങ്ക്

 

  • 17.08.2022:

പ്രിയയെ നിയമിക്കുന്നത് മരവിപ്പിച്ച് ഗവര്‍ണറുടെ ഉത്തരവ്

 

  • 20.08.2022:

നിയമനം ചോദ്യം ചെയ്ത് രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍

 

  • 17-11-2022:

അസോസിയേറ്റ് പ്രൊഫറാകാന്‍ പ്രിയാ വർഗീസിന് യോഗ്യതയില്ലെന്ന് ഹൈക്കോടതി വിധി.