വീണ്ടും റഫാല്‍; അഴിമതി ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്

Jaihind Webdesk
Saturday, July 3, 2021

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് ഫ്രാന്‍സ്. ഇന്ത്യയുമായുള്ള കരാറില്‍ അഴിമതി നടന്നു എന്ന ആരോപണത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  കരാറില്‍ അസ്വാഭാവികതകളുള്ളതായി കണ്ടെത്തിയാല്‍ റഫാല്‍ വീണ്ടും  മോദി സര്‍ക്കാരിന് തലവേദനയാകും.

ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്‍റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വെബ്സൈറ്റായ മീഡിയാപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. കരാറിലെ അസ്വാഭാവികതകളെപ്പറ്റി നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത്. അഴിമതി, സ്വാധീനം ചെലുത്തൽ, കള്ളപ്പണം വെളുപ്പിക്കൽ, പക്ഷപാതം, അനാവശ്യ നികുതി ഇളവുകൾ തുടങ്ങി നിരവധി കാര്യങ്ങള്‍ കരാറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി പാരിസ് ട്രൈബ്യൂണലിലും പരാതി എത്തിയിരുന്നു.  ഫ്രഞ്ച് അഴിമതി വിരുദ്ധ എന്‍ജിഒ പ്രതിനിധിയാണ് പരാതി നല്‍കിയത്. കരാറുമായി ബന്ധപ്പെട്ട് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വേ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങളും  പരിശോധിക്കും. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കരാറിലെ റോള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നാണ് വിവരം.

36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ 58000 കോടി രൂപയ്ക്ക് വാങ്ങിയതിലാണ് മോദി സര്‍ക്കാരിനെതിരെ ശക്തമായ അഴിമതി ആരോപണം ഉയര്‍ന്നത്. യുപിഎ സർക്കാരിന്‍റെ കാലത്താണ് ഫ്രാൻസിൽ നിന്നും റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ശ്രമം ആരംഭിച്ചത്. അന്ന് 126 വിമാനങ്ങൾ 79200 കോടി രൂപക്ക് വാങ്ങാനാണ് ധാരണ ഉണ്ടായത്. എന്നാൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ കരാറിൽ വൻ അഴിച്ചു പണികൾ നടത്തുകയും 36 വിമാനങ്ങൾ 58000 കോടി രൂപക്ക് വാങ്ങാൻ ധാരണ ഉണ്ടാക്കുകയും ചെയ്തു. ഉയര്‍ന്ന വിലയ്ക്ക് വിമാനം വാങ്ങി, സാങ്കേതികവിദ്യ കൈമാറ്റം നടന്നില്ല തുടങ്ങിയവയാണ് ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍. യുപിഎ സർക്കാർ രാജ്യതാല്‍പര്യം മുൻ നിർത്തി മുന്നോട്ട് വെച്ച കരാർ മോദി സർക്കാർ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. ഇടപാടില്‍ അഴിമതി നടന്നുവെന്ന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ ആരോപണം ഉയര്‍ത്തി.

ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച്നടന്ന അന്വേഷണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഫ്രാന്‍സില്‍ നടക്കുന്ന അന്വേഷണത്തില്‍ കരാറില്‍ അഴിമതിയുണ്ടായെന്ന് കണ്ടെത്തലുണ്ടായാല്‍ അത് മോദി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും റഫാല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് കേന്ദ്രത്തിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

 

*ചിത്രത്തില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വേ ഒളാന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി