കെ. ബാബുവിന് എംഎല്‍എയായി തുടരാം; എം. സ്വരാജിന് തിരിച്ചടി, ഹർജി തള്ളി

 

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം. സ്വരാജിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കെ. ബാബുവിന് എംഎല്‍എയായി തുടരാം. മതചിഹ്നം ഉപയോഗിച്ച് കെ. ബാബു വോട്ടു തേടി എന്നു ചൂണ്ടിക്കാട്ടിയായിരുന്നു എം. സ്വരാജിന്‍റെ ഹർജി. ജസ്റ്റിസ് പി.ജി. അജിത് കുമാറിന്‍റെ ബെഞ്ചാണ് ഹർജിയില്‍ വിധി പറഞ്ഞത്. വിധിയിൽ സന്തോഷമെന്ന് കെ. ബാബു പ്രതികരിച്ചു. വിധി വിചിത്രമെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും എം. സ്വരാജും പ്രതികരിച്ചു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിനെ കെ.ബാബു പരാജയപ്പെടുത്തിയത് 992 വോട്ടുകൾക്കായിരുന്നു. പ്രചാരണത്തിന് മതത്തെ കൂട്ടുപിടിച്ചു എന്നു ചൂണ്ടിക്കാട്ടി 2021 ജൂണിൽ സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്‍റെ ഫോട്ടോയും വെച്ചന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ സാക്ഷികൾ പറഞ്ഞതൊന്നും സംശയത്തിന് അതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്വരാജിന് വേണ്ടി ഹാജരാക്കിയ രണ്ടു മുതൽ അഞ്ചു വരെയുള്ള സാക്ഷികൾ പറഞ്ഞതെല്ലാം വിശ്വാസയോഗ്യമല്ലെന്നാണ് നിരീക്ഷണം. സിപിഎം അനുഭാവികളാണ് സാക്ഷികളെന്ന കെ. ബാബുവിന്‍റെ വാദവും കോടതി ശരിവെച്ചു.

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കെ. ബാബു തുടർച്ചയായി 5 തവണ വിജയിച്ചിട്ടുണ്ട്. 1991 മുതൽ 2011 വരെ തുടർച്ചയായി വിജയിച്ച കെ. ബാബു  2016-ൽ എം. സ്വരാജിനോട് പരാജയപ്പെട്ടിരുന്നു. 2021-ല്‍ എം. സ്വരാജിനെ തന്നെ പരാജയപ്പെടുത്തിക്കൊണ്ട് കെ. ബാബു വീണ്ടും മണ്ഡലത്തിന്‍റെ നായകനായി.

Comments (0)
Add Comment