കിഫ്ബി മസാല ബോണ്ടില്‍ സർക്കാരിന് തിരിച്ചടി; ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല

കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ സർക്കാരിന് തിരിച്ചടി. മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി തള്ളി.

മസാല ബോണ്ട് കേസിലെ എന്‍ഫോഴ്സ്‌മെന്‍റ് അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി നല്‍കിയ ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ ആണ് പരിഗണിച്ചത്. കിഫ്ബി സിഇഒ, കെ.എം എബ്രഹാം, ജോയിന്‍റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് എന്നിവരും ഹര്‍ജിയില്‍ രണ്ടും മൂന്നും കക്ഷികളാണ്. ഫെമ നിയമ ലംഘനം ഇഡിക്ക് അന്വേഷിക്കാനാകില്ലെന്നും റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം.

2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച്‌ കിഫ്ബിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് ഇഡി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡി യുടെ പക്കല്‍ തെളിവുകളില്ലെന്നും നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജി തീര്‍പ്പാക്കും വരെ ഇഡിയുടെ സമന്‍സുകളിന്മേല്‍ തുടര്‍ നടപടികള്‍ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയതായി സംശയമുണ്ടെന്നും സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചതെന്നും ഇഡി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ കൂടുതൽ ചോദ്യംചെയ്താലേ കാര്യങ്ങൾ വ്യക്തമാകൂവെന്നും ഇഡി അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്നാണ് ഹരജി മാറ്റിയത്. ഹർജി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.

Comments (0)
Add Comment